കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ച് മൊബൈൽ ഫോണുകളും പണവും കവരുന്ന സംഘം പിടിയിൽ. ദേശീയപാതയിൽ കൃഷ്ണപുരം മുക്കടക്ക് സമീപം പൊലീസുകാരൻ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മാഹീൻ (20), ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് വടക്കതിൽ സെയ്ദലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ അസറുദ്ദീൻ (അച്ചു 21), കൊല്ലം മയ്യനാട് അലി ഹൗസിൽ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജങ്ഷനു സമീപം ഫർസാന മൻസിലിൽ ഫർജാസ് (യാസീൻ -19), കൊല്ലം മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത്.
ഇരുചക്രവാഹന യാത്രക്കാരുടെ ഇടത് വശത്തുകൂടി ബൈക്കിൽ പിന്തുടർന്ന് പുറത്ത് അടിച്ചശേഷം പോക്കറ്റിൽനിന്ന് മൊബൈൽ കവർന്ന്, അമിത വേഗത്തിൽ കടന്നുകളയുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ 16ന് കരീലക്കുളങ്ങര സ്റ്റേഷനിലെ പൊലീസുകാരനായ സജീവനെ സംഘം ആക്രമിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി എട്ടോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്ന് അജന്ത ജങ്ഷനിൽവെച്ച് ആക്രമണത്തിന് ഇരയായത്.
സമാന രീതിയിൽ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇവർക്കെതിരെ കേസുണ്ട്. പൊലീസുകാരനും ആക്രമണത്തിന് ഇരയായതോടെയാണ് അന്വേഷണം ഊർജിതമായത്. സി.സി ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതികളിലേക്ക് എത്തിയത്. സി.ഐമാരായ മുഹമ്മദ് ഷാഫി, സുധിലാൽ, എസ്.ഐ ഗിരീഷ്, പൊലീസുകാരായ രജീദ്രദാസ്, ഗിരീഷ്, ഷാജഹാൻ, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, നിഷാദ്, മണിക്കുട്ടൻ, ഇയാസ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.