അറസ്റ്റിലായ സിദ്ധലിംഗപ്പ, ചട്ടഞ്ചാൽ ദേശീയപാതയിൽ വാഹന പരിശോധനയിൽ പിടികൂടിയ പാൻമസാല ശേഖരം
ഉദുമ: കണ്ടെയ്നർ ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന പാൻമസാല ശേഖരം പിടികൂടി. മേൽപറമ്പ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൻ പാൻമസാല ശേഖരം പിടികൂടിയത്. കാർഗോ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചട്ടഞ്ചാൽ ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി മേൽപറമ്പ ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കാർഗോ കണ്ടെയ്നർ ലോറിയിൽ ചാക്കുകെട്ടുകളിൽ നിറച്ച് കടത്തിയ നിരോധിത പാൻമസാല ശേഖരം കണ്ടെത്തിയത്.
31800 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. മംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് കമ്പനി പാർസൽ കൊണ്ടുപോകുന്ന കാർഗോ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കാബിനിലാണ് പാൻമസാല ചാക്കുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. ലോറി ഡ്രൈവർ കർണാടക ഗാന്ധി ചൗക്ക് വിജയപൂരിലെ സിദ്ധലിംഗപ്പയെ (39) അറസ്റ്റ് ചെയ്തു. പാൻമസാല പാക്കറ്റുകൾ ചാക്കുകളിലാക്കി മംഗളൂരുവിൽനിന്നും ഒരാൾ കയറ്റിവിട്ടതാണെന്നും കോഴിക്കോട് ഇറക്കിയാൽ 3000 രൂപ കടത്തുകൂലി കിട്ടുമെന്നും ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു. പാർസൽ കമ്പനി അധികൃതർ അറിയാതെയാണ് ലോറി ജീവനക്കാർ ഇത്തരം അനധികൃത കടത്ത് നടത്തുന്നതെന്നാണ് വിവരം.
വാഹന പരിശോധനയിൽ ഇൻസ്പെക്ടർ ടി. ഉത്തംദാസിനൊപ്പം മേല്പറമ്പ സ്റ്റേഷനിലെ ഹിതേഷ്, കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നീ പൊലീസുദ്യോഗസ്ഥരും പങ്കെടുത്തു. ലഹരി കടത്തുകൾ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും കർശന വാഹന പരിശോധനകൾ നടത്താൻ നിർദേശം നൽകിയിരുന്നു. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.