അറസ്റ്റിലായ താര കൃഷ്ണൻ, ഒളിവിൽ പോയ കെ.ടി തോമസ്

ഗോൾഡൻവാലി നിധി തട്ടിപ്പ്; മുഖ്യപ്രതി താര കൃഷ്ണനെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടി തമ്പാനൂർ പൊലീസ്, കൂട്ടാളികൾക്കായി അന്വേഷണം തുടരുന്നു

തിരുവനന്തപുരം: നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ​'ഗോൾഡൻവാലി നിധി' എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണനാണ് (51) തമ്പാനൂർ പൊലീസ് ബം​ഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.

കേസിലെ രണ്ടാം പ്രതിയും തൈയ്ക്കാട് ശാഖാ എം.ഡിയുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ.ടി തോമസിനും (60) മറ്റു ഡയറക്ടർ ബോർഡ് അം​ഗങ്ങൾക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം ഡി.സി.പി ടി.ഫറാഷ് അറിയിച്ചു.

ഗോൾഡൻവാലി നിധി എന്ന പേരിൽ തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളിൽ സ്ഥാപനം നടത്തി വന്നത്. നിധി കമ്പനിയുടെ മറവിൽ ​ഗോൾഡ് ലോണും, എഫ്.ഡി അക്കൗണ്ടുകളുമാണ് ഇവിടെ നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയാണ് നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് ഡയറക്ടർമാരായ താര, തോമസ് എന്നിവരെ നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടി വാങ്ങി മുങ്ങുകയായിരുന്നു.

തുടർന്ന് ലഭിച്ച പരാതിയെ തുടർന്ന് ഡി.സി.പി ടി.ഫറാഷിന്റെ നിർദേശ പ്രകാരം തമ്പാനൂർ എസ്.എച്ച് ഒ, ജിജു കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുകയായിരുന്നു. താരയും ഭർത്താവ് രാധാകൃഷ്ണനും വിദേശത്ത് നിന്നും ബം​ഗളൂരു വഴി വരുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണ സംഘത്തെ ബം​ഗുളുരുവിലേക്ക് അയക്കുകയായിരുന്നു. അവിടെ വെച്ച് ഫോർട്ട് എ.സി. ബിനുകുമാർ സി, തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാർ പി. ഡി, എസ്.ഐ. ബിനു മോഹൻ , വനിതാ സി.പി.ഒ സജിത, സി.പി.ഒമാരായ അരുൺകുമാർ. കെ, ശ്രീരാ​ഗ്, ഷിബു എന്നിവരുടേ നേതൃത്വത്തിലുള്ള സംഘം താരയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നിലവിൽ തിരുമല, പട്ടം, ഹരിപ്പാട് ശാഖകൾ പൂട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൈയ്ക്കാട്, കാട്ടക്കട, ആര്യനാട് ശാഖകളിൽ നിന്നും നിരവധി പേർക്ക് തുക തിരികെ നൽകാനുള്ളതായുള്ള പരാതികളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

നിധി കമ്പനിയുടെ മറവിൽ ഇൻഡസെന്റ് ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി കോടിക്കണക്കിന് രൂപ വന്നതിനെ തുടർന്ന് ആറ് മാസം മുൻപ് ആ ബാങ്ക് അക്കൗണ്ട് ബാങ്ക് അധികൃതർ മരവിപ്പിച്ചിരുന്നു. അത് അടക്കമുള്ള തട്ടിപ്പുകളിൽ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതിക്കെതിരെ കാട്ടക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം ആരംഭിച്ചതായി കാട്ടക്കട എസ്.എച്ച്.ഒ അറിയിച്ചു.

Tags:    
News Summary - Owner of Nidhi company arrested for defrauding investors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.