സയ്യിദ് സഫ്വാൻ
ഇരിങ്ങാലക്കുട (തൃശൂർ): ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പത്താം പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുടയിലെ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഇക്കണോമിക്സ് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ പ്രതികൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാക്കിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഷെയർ ട്രേഡിങ് നടത്താൻ വെബ് സൈറ്റ് ലിങ്കും നിർദേശങ്ങളും ഗ്രൂപ് അഡ്മിന്മാർ പല ദിവസങ്ങളിലായി പരാതിക്കാരന് അയച്ചുനൽകി. ഇത് വിശ്വസിച്ച പരാതിക്കാരൻ 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ വിവിധ അക്കൗണ്ടുകളിൽനിന്ന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകുകയായിരുന്നു.
എന്നാൽ, നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിൽ നിന്നുള്ള ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത 20 ലക്ഷം രൂപ വയനാട് വെത്തിരി സ്വദേശിയും കേസിലെ ഏഴാം പ്രതിയുമായ ഷനൂഥിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുകയിൽനിന്ന് നാല് ലക്ഷം രൂപ മലപ്പുറത്തെ ജ്വല്ലറിയുടെ അക്കൗണ്ടിലേക്ക് സ്വർണം വാങ്ങാൻ ട്രാൻസ്ഫർ ചെയ്തതയായും ബാക്കി തുക 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതയായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഷനൂഥിനെ 2025 ജൂണ്‍ 26ന് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ ബന്ധു സയ്യിദ് സഫ്വാന്റെ നിർദേശപ്രകാരം തന്റെ അക്കൗണ്ടിൽ വന്ന 20 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുക മാത്രമാണ് ചെയ്തതെന്നും മലപ്പുറത്തെ ജ്വല്ലറിയിൽനിന്ന് സ്വർണം വാങ്ങിയ കാര്യം തനിക്ക് അറിയില്ലെന്നും മൊഴി നൽകിയിരുന്നു.
ഷനൂദിനെ കുറ്റകൃത്യം ചെയ്യുന്നതിന് സഹായിച്ച സയ്യിദ് സഫ്വാനെ കേസിൽ പ്രതി ചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ ഇതുവരെ 10 പ്രതികളെ പിടികൂടി. തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ. അഷറഫ്, ജി.എസ്.ഐ പി.എസ്. സുജിത്ത് കുമാർ, ജി.എ.എസ്.ഐ എ.കെ. മനോജ്, സി.പി.ഒ പവിത്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.