അമൻ, പ്രവീൺ, അഭിഷേക്, സിന്റു ശർമ
കൽപറ്റ: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ 'മീശോ'യുടെ നറുക്കെടുപ്പിൽ കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് വയനാട് വൈത്തിരി സ്വദേശിയിൽനിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയ മലയാളികളടങ്ങുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ. കാൾ സെന്റർ നടത്തിപ്പുകാരായ ബിഹാർ ഗയ സ്വദേശി സിന്റു ശർമ (31), തമിഴ്നാട് സേലം സ്വദേശി അമൻ (19), എറണാകുളം സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ അഭിഷേക് (24), തട്ടിപ്പിനിരയാകുന്നവരോട് അനിൽ എന്ന് പരിചയപ്പെടുത്തി സംസാരിക്കുന്ന പത്തനംതിട്ട സ്വദേശിയും ഡൽഹിയിൽ സ്ഥിരതാമസക്കാരനുമായ പ്രവീൺ (24) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൽപറ്റ സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.
'മീശോ'യിൽനിന്ന് വൈത്തിരി സ്വദേശി സാധനങ്ങൾ വാങ്ങിയിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഇദ്ദേഹത്തിന് കാർ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് മീശോയുടെ കസ്റ്റമർ കെയറിൽനിന്നാണെന്ന വ്യാജേന വിളിക്കുകയായിരുന്നു. തുടർന്ന് വിവിധ ഫീസ് ഇനത്തിലെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തു.
ഡൽഹിയിലെ കാൾ സെന്ററിൽ പതിനഞ്ചോളം വനിതകളെ ജോലിക്കാരായി നിർത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്. കേരളത്തിലടക്കം നിരവധിയാളുകളെ പ്രതികൾ ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നു. സംഘത്തിനെതിരെ പാലക്കാട് ജില്ലയിൽ രണ്ട് കേസും മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമുണ്ട്.
തട്ടിപ്പുകേന്ദ്രത്തിൽനിന്ന് ഇരകളെ വിളിക്കാൻ ഉപയോഗിക്കുന്ന 32 മൊബൈൽ ഫോണുകളും വിവിധ ഓൺലൈൻ ഷോപ്പിങ് കമ്പനികളിൽനിന്ന് പ്രതികൾ നിയമവിരുദ്ധ മാർഗത്തിലൂടെ സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ രേഖകളും പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പ് കേന്ദ്രമാണ് എന്നറിയാതെ അവിടെ ജോലി ചെയ്തിരുന്ന 15 സ്ത്രീകളെ, ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
തട്ടിപ്പ് കേന്ദ്രത്തിന്റെ മറ്റു നടത്തിപ്പുകാരായ ബിഹാർ സ്വദേശികളായ രോഹിത്, അവിനാശ് എന്നിവരെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. സംഘത്തിന് ഓൺലൈൻ ഷോപ്പിങ് സൈറ്റ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ് കമ്പനികളിൽനിന്ന് ഇത്തരം സമ്മാനം ലഭിച്ചെന്ന തരത്തിൽ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.