മു​ഹ​മ്മ​ദ് സാ​ദി​ഖ്

ഓണ്‍ലൈന്‍ ട്രേഡിങ്: ഒരുകോടി തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ

കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ആദായനികുതി ഉദ്യോഗസ്ഥന്റെ ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍കൂടി പിടിയിൽ. കോഴിക്കോട് കുന്ദമംഗലം പാലക്കുടിയില്‍ ഹൗസില്‍ മുഹമ്മദ് സാദിഖിനെയാണ് (35) കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബു അറസ്റ്റ് ചെയ്തത്.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.  ഉഡുപ്പിയില്‍ ആദായനികുതി ഓഫിസറായിരുന്ന ഏഴിലോട് റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിൻസെന്റാണ് തട്ടിപ്പിനിരയായത്. യൂട്യൂബ് വഴി ലഭിച്ച ഗ്രൂപ്പില്‍ എഡ്ഗാര്‍ വിൻസെന്റ് പങ്കാളിയായി. ഗ്രൂപ്പില്‍ നിന്ന് നിര്‍ദേശിച്ച സ്ഥാപനങ്ങളുടെ ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു.

പരിയാരം പൊലീസാണ് കേസെടുത്തിരുന്നത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിയെടുത്ത പണം വിവിധ ആളുകളുടെ പേരില്‍ അക്കൗണ്ടുകളുണ്ടാക്കിയാണ് പ്രതികൾ നിക്ഷേപിച്ചത്.28ഓളം ആളുകള്‍ പ്രതികളായ ജില്ലയിലെ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പായിരുന്നു ഇത്. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ കെ.കെ. മുഹമ്മദ് സൈദ് (21), വാണിമേല്‍ പാലോറമ്മല്‍ സ്വദേശി മുഹമ്മദ് ഷെരീഫ് (26), മലപ്പുറം മൂത്തേടം വി.വി. സനീഷ് (31), യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറിയും മൂത്തേടം പഞ്ചായത്തംഗവുമായ നൗഫല്‍ മദാരി (42) എന്നിവരാണ് ഇതുവരെ പിടിയിലായത്.

മുഹമ്മദ് സാദിഖ് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി ബംഗളൂരു കെമ്പേഗൗഡ വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ലുക്കൗട്ട് നോട്ടീസുള്ളതിനാല്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു.

പരിയാരം ഇൻസ്പെക്ടർ രാജീവന്‍ വലിയവളപ്പലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ സനിത്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി. ക്രൈംബ്രാഞ്ച് എസ്.ഐമാരായ വി.വി. ശ്രീജേഷ്, അശോകന്‍, രാജീവന്‍, അജയന്‍, എ.എസ്.ഐ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Tags:    
News Summary - One more person arrested in online trading scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.