പാലാ: സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച ഒരുലക്ഷം രൂപ മോഷ്ടാവ് തട്ടിയെടുത്തു. പൈക എസ്.ബി.ഐ ബാങ്കിൽനിന്ന് പണമെടുത്ത് മടങ്ങിയ കർഷകന്റെ പണമാണ് നഷ്ടമായത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. ബാങ്കിൽനിന്ന് ഇറങ്ങി ടെലിഫോൺ ബില്ലടക്കാൻ ബി.എസ്.എൻ.എൽ ഓഫിസിൽ കയറിയ സമയത്താണ് സ്കൂട്ടറിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ മോഷണം പോയത്.
പൈകയിൽ റബർ നഴ്സറി നടത്തുന്ന ബെന്നി ഗണപതിപ്ലാക്കലിന്റേതാണ് തുക. ബിസിനസ് ആവശ്യങ്ങൾക്കായി നാല് ലക്ഷം രൂപ ബാങ്കിൽനിന്ന് എടുക്കാൻ വന്ന ബെന്നി, പണം കൊണ്ടുപോകാൻ ബാഗും കരുതിയിരുന്നു. ബാങ്കിൽനിന്ന് അഞ്ഞൂറിന്റെ നോട്ടുകളായി മൂന്നു ലക്ഷം രൂപയും ബാക്കി ഒരു ലക്ഷത്തിന്റെ 200 രൂപ നോട്ടുകളുമാണ് നൽകിയത്. ബാഗ് നിറഞ്ഞതിനാൽ 200ന്റെ നോട്ടുകൾ കടലാസ്സിൽ പൊതിഞ്ഞെടുത്തു. ബാങ്ക് മാനേജറും കൂടിയാണ് പൊതിഞ്ഞുകൊടുത്തത്. ഇത് സ്കൂട്ടറിൽ വെക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്തുള്ള ടെലിഫോൺ എക്സ്ചേഞ്ചിൽ കയറി ഫോൺ ബില്ലടക്കുന്ന സമയത്ത് സ്കൂട്ടറിൽവെച്ച പണം മോഷ്ടാവ് അപഹരിക്കുകയായിരുന്നു. ബാങ്ക് മുതൽ മോഷ്ടാവ് ബെന്നിയെ പിന്തുടർന്നു എന്നാണ് പ്രാഥമിക നിഗമനം. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. ദൃശ്യങ്ങളിൽ ബൈക്കിൽ വന്ന ആളാണ് മോഷണം നടത്തിയതെന്ന് മനസ്സിലായെങ്കിലും മുഖം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.