സ്വര്‍ണം നൽകാമെന്നുപറഞ്ഞ് വിളിച്ചുവരുത്തി, പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; നാലുപേർ പിടിയിൽ

കോഴിക്കോട്: സ്വർണം കൈമാറാമെന്നു പറഞ്ഞ് മാളിലേക്ക് വിളിച്ചുവരുത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥരാണെന്നു ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയ സംഭവത്തിൽ നാലുപേർ പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നവാസ്, കണ്ണൂർ സ്വദേശി ഷാജിദ്, തിരുവനന്തപുരം സ്വദേശി ജിജോ ലാസർ, ആലപ്പുഴ സ്വദേശി സുഭാഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

പയ്യോളി സ്വദേശി കെ. റാഷിദിന്റെ പരാതിയിൽ നടക്കാവ് പൊലീസാണ് ഇവരെ പിടികൂടിയത്. തവണവ്യവസ്ഥയിൽ സ്വർണം വിൽക്കാനുണ്ടെന്നു പറഞ്ഞാണ് റാഷിദിനെ പ്രതികളിലൊരാൾ ബന്ധപ്പെട്ടത്. 10 ലക്ഷം രൂപ നൽകിയാൽ അര കിലോഗ്രാം സ്വർണം കോഴിക്കോട്ടെ മാളിൽവെച്ച് കൈമാറാമെന്നായിരുന്നു ധാരണ. പണം കൈമാറുന്നതിനിടയിൽ മറ്റു പ്രതികൾ പൊലീസാണെന്നു പറഞ്ഞ് രംഗത്തെത്തുകയും പണം തട്ടിപ്പറിച്ച് ഓടുകയുമായിരുന്നു. സംഭവത്തെ തുടർന്ന് അന്നുതന്നെ റാഷിദ് പരാതി നൽകി.

സംഭവ ദിവസം തന്നെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് മറ്റു പ്രതികൾ പാലക്കാട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് പാലക്കാട്ടെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾ പണം പല ഇടങ്ങളിലായി മാറ്റിയതിനാൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Offering gold, 10 Lakhs were stolen as police; Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.