യു.കെയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം; 8.50 ലക്ഷം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

മംഗളൂരു: യുനൈറ്റഡ് കിങ്ഡത്തിൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) കോഴ്‌സിന് സീറ്റ് വാഗ്ദാനം ചെയ്ത് ഒരാളിൽനിന്ന് 8.50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്ന് പേരെ ഉഡുപ്പി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ശിവമോഗ ഹൊസാനഗറിലെ എസ്. സുമൻ (24), മൂഡ്ബിദ്രി സ്വദേശികളായ സുഹാൻ ഖാൻ (22), മുഹമ്മദ് മഹസ് (23) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ലക്ഷം രൂപയും കാറും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഈ മാസം ഒമ്പതിന് ഇ. സന്തോഷ് എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് അറസ്റ്റ്. ജനറൽ മെഡിസിനിൽ ബിരുദം നേടിയ പരാതിക്കാരൻ യു.കെയിൽ തുടർപഠനം നടത്താമെന്ന പ്രതീക്ഷയിൽ പണം സമ്പാദിക്കാൻ ദുബൈയിലേക്ക് പോയി.

അവിടെനിന്ന് അഫ്താബിനെ പരിചയപ്പെട്ടു. 18 ലക്ഷം രൂപ നൽകിയാൽ യു.കെയിൽ ബിരുദാനന്തര ബിരുദ സീറ്റ് ലഭിക്കുമെന്ന് അഫ്താബ് അറിയിച്ചു. സീറ്റ് ഉറപ്പിക്കാനായി എട്ടര ലക്ഷം രൂപ മൂൻകൂറായി നൽകണമെന്ന് അഫ്താബ് ആവശ്യപ്പെട്ടു. പരാതിക്കാരന് എൻ.ആർ.ഐ അക്കൗണ്ട് ഇല്ലാത്തതിനാൽ ഉഡുപ്പിയിലുള്ള പരിചയക്കാരൻ സുമനെ ബന്ധപ്പെടാൻ അഫ്താബ് ആവശ്യപ്പെട്ടു. ഉഡുപ്പിയിലെ മൂടനിടമ്പൂർ വില്ലേജിലെ എം.ടി.ആർ ഹോട്ടലിനുസമീപം സുമനുമായി നടത്തിയ ചർച്ചയിൽ എട്ടര ലക്ഷം രൂപ സന്തോഷ് കൈമാറി. പിന്നീട് സന്തോഷിന്റെ കോളുകൾ അഫ്താബ് ഒഴിവാക്കിയെന്നും യു.കെയിൽ എം.പി.എച്ച് സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. ഇവരുടെ കൂട്ടാളി എന്ന നിലയിലാണ് സുഹാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ഇൻസ്‌പെക്ടർ രാമചന്ദ്ര നായക്, സബ് ഇൻസ്‌പെക്ടർ ഈരണ്ണ ഷിറഗുമ്പി എന്നിവരുടെ നേതൃത്വത്തിലുള്ള ഉഡുപ്പി ടൗൺ പോലീസ് സംഘവും എസ്.ഐമാരായ പുനീത് കുമാർ, ഭരതേഷ് എന്നിവരും നേതൃത്വം നൽകി.

Tags:    
News Summary - Offer Medical Seat in UK; 8.50 lakh, three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.