പ്രതീകാത്മക ചിത്രം

കാൽ തൊട്ട് നമസ്കരിച്ചില്ല; ഒഡിഷയിലെ സ്കൂളിൽ 31 വിദ്യാർഥികളെ പൊതിരെ തല്ലി അധ്യാപിക

ഭുവനേശ്വർ: പ്രഭാത പ്രാർഥനക്കു ശേഷം തന്റെ കാൽ തൊട്ട് നമസ്കരിക്കാത്തതിന്റെ പേരിൽ ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ സർക്കാർ സ്കൂളിലെ അധ്യാപിക 31 വിദ്യാർഥികളെ അടിച്ചതായി പരാതി. അന്വേഷണത്തിന് ശേഷം കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അധ്യാപികയെ സസ്​പെൻഡ് ചെയ്യുകയും ചെയ്തു.

ഖണ്ഡദേവൂല ഗവ. അപ്പർ പ്രൈമറി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. പ്രാർഥനക്ക് ശേഷം ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾ അവരവരുടെ ക്ലാസ്മുറികളിലേക്ക് പോയി. തുടർന്ന് അവരുടെ ക്ലാസുകളിലെത്തിയ അധ്യാപിക തന്റെ കാൽ തൊട്ട് വന്ദിച്ചില്ല എന്ന് പറഞ്ഞ് കുട്ടികളെ ഓരോരുത്തരെയായി മുള കൊണ്ടുള്ള വടിയുപയോഗിച്ച്  അടിക്കുകയായിരുന്നു.

രാവിലെയുള്ള പ്രാർഥന കഴിഞ്ഞാൽ കുട്ടികൾ അധ്യാപകരുടെ കാൽ തൊട്ടു വന്ദിക്കണമെന്നാണ് സർക്കുലർ. എന്നാൽ അന്നത്തെ ദിവസം ഇങ്ങനെ ചെയ്യാൻ കുട്ടികൾ മറന്നു പോയി. ഇക്കാര്യം ശ്രദ്ധയിൽ പെട്ടയുടൻ വിദ്യാർഥികൾ അനുസരണക്കേട് കാണിച്ചുവെന്നാരോപിച്ച് അധ്യാപിക കുട്ടികളെ  ക്രൂരമായി മർദിക്കുകയായിരുന്നു.

പലകുട്ടികളുടെയും ദേഹത്തും കൈകളിലും അടിയേറ്റതിന്റെ പാടുകളുണ്ട്. ഒരു കുട്ടിയുടെ പരിക്ക് അൽപം ഗുരുതരവുമാണ്. അടിയേറ്റ് ഒരു പെൺകുട്ടി ബോധം കെട്ടുപോയതായും റിപ്പോർട്ടുണ്ട്. ഈ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. 

വിവരമറിഞ്ഞയുടൻ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെത്തുകയും അധ്യാപികക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പ്രാദേശിക വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ തലത്തിൽ അന്വേഷണത്തിൽ അധ്യാപിക കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും പുറത്താക്കുകയുമായിരുന്നു. ഭാവിയിൽ മറ്റ് സ്കൂളുകളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി.


Tags:    
News Summary - Odisha school teacher ‘beats 31 students for not touching her feet’, suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.