ദുബൈ: കുപ്രസിദ്ധ ലഹരിമരുന്ന് കച്ചവടക്കാരൻ ദുബൈ പൊലീസിന്റെ പിടിയിൽ. 'വവ്വാൽ' (ദി ബാറ്റ്) എന്ന പേരിൽ അറിയപ്പെടുന്ന ഇയാളെ 10 ദിവസത്തെ നിരീക്ഷണത്തിനും നീക്കത്തിനുമൊടുവിലാണ് വലയിലാക്കിയത്. വാട്സ്ആപ് വഴി ലഹരിമരുന്ന് വിൽപന നടത്തുന്ന ഇയാൾ ഏതു രാജ്യക്കാരനാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 200 കിലോ മയക്കുമരുന്നും ഇവ സൂക്ഷിക്കാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പൊലീസ് കണ്ടെത്തി.
അനധികൃതമായി വേദനസംഹാരികൾ, ഹഷീഷ്, ക്രിസ്റ്റൽ മെത്ത് തുടങ്ങിയവ ഓൺലൈൻ വഴി വിൽക്കാൻ ശ്രമിച്ചതിന് പിടിയിലായ 527 പേരെ ചോദ്യംചെയ്തതിൽനിന്നാണ് 30 വയസ്സുകാരനായ 'ബാറ്റി'ലേക്ക് അന്വേഷണം എത്തിയത്.
'ബാറ്റ്' എന്നു വിളിക്കുന്നയാളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേതുടർന്നാണ് 'ബാറ്റി'നെ പൊലീസ് പിന്തുടർന്നത്. അന്താരാഷ്ട്ര ലഹരിമാഫിയ തലവന്മാരുടെ വലംകൈയാണിയാളെന്ന് ദുബൈ പൊലീസ് ലഹരിവിരുദ്ധ വിഭാഗം ഡയറക്ടർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു. കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ഇയാളുടെ താമസം. പൊടിയാൽ മൂടിയ നിലയിൽ കാണപ്പെട്ട ഈ കാറിലായിരുന്നു മയക്കുമരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഇയാൾ അറസ്റ്റിലായതോടെ നിരവധി കേസുകളുടെ ചുരുളഴിഞ്ഞു. പലർക്കും ലഹരിമരുന്ന് എത്തിച്ചിരുന്നത് ഇയാളായിരുന്നെങ്കിലും ആരോടും പേരോ വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.
വാട്സ്ആപ് വഴി ലഹരിമരുന്ന് കച്ചവടം നടത്തിയതിന് 2200 കേസുകളാണ് ഈ വർഷം ആദ്യ പകുതിയിൽ റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ഇടപാടിലൂടെ ലഹരിമരുന്നുകൾ വാങ്ങുന്നവർക്ക് 50,000 ദിർഹം പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അക്കൗണ്ട് റദ്ദാക്കുന്നതും പണമിടപാടുകൾ തടയുന്നതും അടക്കമുള്ള നടപടികളെടുക്കും. ഓൺലൈൻ വഴി ലഹരിവിൽപന നടത്തുന്നവർക്ക് 10 ലക്ഷം ദിർഹം പിഴയും തടവും ലഭിക്കും. വിദേശരാജ്യങ്ങളിലെ പരിചയമില്ലാത്ത നമ്പറുകളിൽനിന്നാണ് യു.എ.ഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിസന്ദേശങ്ങൾ വരുന്നത്. വിവിധ മയക്കുമരുന്നുകളുടെ ചിത്രങ്ങൾ സഹിതമാണ് മെസേജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.