കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

തൃശൂർ: ഡൽഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്ന നൈജീരിയക്കാരൻ പിടിയിൽ. മയക്കുമരുന്ന് ചില്ലറവില്പനക്കാർക്കിടയിൽ കെൻ എന്നറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോയെ (27) ഡൽഹി നൈജീരിയൻ കോളനിയിൽ നിന്നുമാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

2022 മേയ് 13ന് മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീൻ എന്നയാളിൽ നിന്നും 196 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബംഗളൂരുവിൽ നിന്നും 300 ഗ്രാം എം.ഡി.എം.എ സഹിതം പിടികൂടിയിരുന്നു. അറസ്റ്റിലായ സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയൻ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

കെൻ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഏക വിവരം. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഡൽഹി പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ന്യൂഡൽഹി നൈജീരിയൻ കോളനിയിൽ നിന്നും ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്. അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. തുടർന്ന് രണ്ടു ദിവസം തിഹാർ ജയിലിൽ പാർപ്പിക്കുകയുണ്ടായി. ഇതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്.  

Tags:    
News Summary - Nigerian arrested for smuggling MDMA to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.