ഐ.വി.എഫിൽ പരാജയപ്പെടുന്ന ദമ്പതികൾക്ക് കുട്ടികളെ വിൽപന: ആറ് സ്ത്രീകൾ അറസ്റ്റിൽ

മുംബൈ: വന്ധ്യത ചികിത്സയായ ഐ.വി.എഫിൽ പരാജയപ്പെടുന്ന ദമ്പതികൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന എൻ.ജി.ഒ സ്ഥാപകയടക്കം ആറ് സ്ത്രീകളെ മുംബൈ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ ക്ലിനിക്ക് നടത്തിപ്പുകാരിയും നവജാതശിശുവിന്റെ അമ്മയും ഉൾപ്പെടും.

മുഖ്യപ്രതി ജൂലിയ ലോറൻസ് ഫെർണാണ്ടസ്, ഗെയ്‌റോബി ഉസ്മാൻ ഷെയ്ഖ്, ഗുൽഭാഷാ മതിൻ ഷെയ്ഖ്, സൈറാബാനു ഷെയ്ഖ്, റിന നിതിൻ ചവാൻ, ഷബാന ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജൂലിയ ലോറൻസ് ഫെർണാണ്ടസ് ദത്തെടുക്കൽ ഏജൻസിയായ വോർളി മഹാത്മാ ഫുലെ നഗറിലെ അഹം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുടെ നടത്തിപ്പുകാരിയാണ്. ഇവർ നേരത്തെയും സമാനരീതിയിലുള്ള കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് പട്ടിണിയിലായതോടെയാണ് ത​െന്റ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്ന് പിടിയിലായ ഷബാന ഷെയ്ഖ് പൊലീസിനോട് പറഞ്ഞു.

കുഞ്ഞുങ്ങളെ വിൽപന നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് റാക്കറ്റിനെ പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. പ്രതികളെ കൈയോടെ പിടികൂടാൻ, കുഞ്ഞിനെ ആവശ്യ​മുള്ള ദമ്പതികളെന്ന വ്യാജേന പൊലീസ് പ്രതികളെ സമീപിക്കുകയായിരുന്നു. ഗോവണ്ടിയിലെ റഫീഖ് നഗറിൽ സൈറാബാനു നടത്തുന്ന ക്ലിനിക്കായിരുന്നു സംഘത്തിന്റെ കേന്ദ്രബിന്ദു. ഇവിടേക്കാണ് ‘പൊലീസ് ദമ്പതികൾ’ ആദ്യം പോയത്. പെൺകുട്ടിക്ക് അഞ്ച് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ആൺകുട്ടിയെ വേണമെങ്കിൽ കൂടുതൽ വില നൽ​കേണ്ടിവരുമെന്നും പറഞ്ഞു.

റിന നിതിൻ ചവാനാണ് ഇടപാടുകാർക്കും ജൂലിയ ലോറൻസ് ഫെർണാണ്ടസിനും ഇടയിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നത്. ഗർഭച്ഛിദ്രത്തിന് ഒരുങ്ങുന്നവരെ അതിൽനിന്ന് പിന്തിരിപ്പിച്ച് പ്രസവിക്കാൻ സൗകര്യമൊരുക്കിയും ദരിദ്രരായ യുവതികളുടെ കുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങിയുമാണ് ഇവർ മറിച്ചുവിറ്റതെന്ന് പൊലീസ് പറയുന്നു. സൈറാബാനുവിന്റെ ക്ലിനിക്കിലായിരുന്നു ഇത്തരക്കാർക്ക് പ്രസവിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ജനന സംബന്ധമായ എല്ലാ ചെലവുകളും സംഘം വഹിക്കുകയും വിൽപനക്കായി കുട്ടിയെ ഏറ്റെടുക്കുകയും ചെയ്യും. സാമ്പത്തിക പരാധീനതയുള്ള ഗർഭിണികളായ യുവതികളെ ജൂലിയ ലോറൻസിന് പരിചയപ്പെടുത്തിക്കൊടുക്കാൻ നിരവധി ഏജന്റുമാരുള്ളതായും പൊലീസ് കൂട്ടിച്ചേർത്തു.

അതിനിടെ, നിരവധി നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ അടക്കം നടത്തിയതിന് ക്ലിനിക്കിനെ തദ്ദേശസ്ഥാപനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

ഐ.വി.എഫ് കേന്ദ്രങ്ങളിൽ ചികിത്സിച്ച് പരാജയപ്പെട്ടവർക്കാണ് സംഘം കുട്ടികളെ കൈമാറിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ദത്തെടുക്കാനുള്ള മാർഗമാണെന്ന് കരുതിയാണ് മിക്കവരും ഇതിൽ വീണതെന്നും പൊലീസ് പറയുന്നു. പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - Newborn Trafficking Racket Busted, 6 Women Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.