ആത്മഹത്യയല്ല, അമ്മയെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നതാണ്; കണ്ണീരോടെ വെളിപ്പെടുത്തി അഞ്ചു വയസുകാരി

ലഖ്നോ: അഞ്ചു വയസുകാരിയായ മകളുടെ മൊഴിയിലൂടെ അമ്മയുടെ കൊലപാതകം തെളിഞ്ഞതായി പൊലീസ്. 28 കാരിയായ സൊനാലി തിങ്കളാഴ്ച ഭർതൃവീട്ടിൽ വച്ചു മരണപ്പെട്ട കേസിലാണ് മകളുടെ മൊഴി നിർണായകമായത്. സൊനാലി ആത്മഹത്യ ചെയ്തതാണെന്നാണ് ഭർതൃവീട്ടുകാർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ തന്റെ അച്ഛൻ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന മകളുടെ വെളിപ്പെടുത്തലാണ് സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത്.

സൊനാലിയുടെ മരണം കൊലപാതകമാണെന്നാരോപിച്ച് മെഡിക്കൽ കോളജിൽ യുവതിയുടെ കുടുംബവും ഭർതൃവീട്ടുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഭർതൃവീട്ടുകാരെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ്‌മോർട്ടം നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു സൊനാലിയുടെ കുടുംബത്തിന്റെ നിലപാട്. വിവരം ലഭിച്ചയുടൻ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും സമാധാനിപ്പിച്ചാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയായ ഭർത്താവ് സന്ദീപ് ബുധോലിയയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.

സൊനാലി ആറ് വർഷം മുമ്പാണ് മെഡിക്കൽ റെപ്പായ സന്ദീപ് ബുധോലിയയെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ സൊനാലി പീഡനം നേരിട്ടിരുന്നുവെന്ന് പിതാവ് സഞ്ജീവ് ത്രിപാഠി പറഞ്ഞു.

'സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ഞങ്ങൾ മുമ്പ് ഭർതൃവീട്ടുകാർക്കെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നു. സൊനാലി രണ്ട് വർഷമായി ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥതയിലൂടെയാണ് അവളെ ഝാൻസിയിലേക്ക് തിരികെ കൊണ്ടുപോയത്' - സഞ്ജീവ് ത്രിപാഠി പറഞ്ഞു.

തിങ്കളാഴ്ച മകൾ തൂങ്ങിമരിച്ചതായി അവളുടെ ഭർതൃവീട്ടുകാരാണ് അറിയിക്കുന്നത്. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ സൊനാലിയുടെ മകളാണ് അച്ഛൻ അമ്മയെ മർദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പറഞ്ഞത്. അച്ഛൻ അമ്മയെ ആക്രമിക്കുന്നത് ചിത്രീകരിക്കാൻ പോലും അവൾ ശ്രമിച്ചതായി ത്രിപാഠി കൂട്ടിച്ചേർത്തു.

സന്ദീപ് ബുധോലിയ, സന്ദീപിന്‍റെ മാതാവ് വിനിത, ജ്യേഷ്ഠൻ കൃഷ്ണ കുമാർ ബുധോലിയ, സഹോദരഭാര്യ മനീഷ എന്നിവർക്കെതിരെയാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

Tags:    
News Summary - Murder, not suicide: Five-year-old's sketch helps nab father for killing mom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.