കൊച്ചി: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തെ ഫ്ലാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ശരീരമാസകലം കുത്തേറ്റ് പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലാണ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയുടെ (23) മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.
ഇൻഫോപാർക്കിലെ ഓക്സോണിയ ഫ്ലാറ്റിലെ 16ാം നിലയിലാണ് കൊലപാതകം നടന്നത്. മരണം സംഭവിച്ചിട്ട് രണ്ടു ദിവസമായെന്നാണ് സൂചന. ചൊവ്വാഴ്ച വൈകീട്ട് കൊലപാതക വിവരം പുറത്തറിയുന്നത്.
രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോൾ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കാണുകയായിരുന്നു. സുരക്ഷ ജീവനക്കാരെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി വാതിൽ തുറക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സജീവിനൊപ്പം മറ്റു നാലുപേർ കൂടി ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഇവരാരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ, അര്‍ഷാദ് സജീവ് കൃഷ്ണക്കൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നെന്നും രണ്ടു ദിവസം മുമ്പ് ഇരുവരെയും ഒരുമിച്ചു കണ്ടിരുന്നതായും അയൽക്കാർ വെളിപ്പെടുത്തി. അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്തായിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ താമസിക്കാനെത്തിയിരുന്നത്. കൊലപാതകം പുറത്തറിഞ്ഞതോടെ അർഷാദിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയെന്നും തേഞ്ഞിപ്പലത്തിന് സമീപത്തുനിന്നാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു. അർഷാദിനായി ബന്ധുവീടുകളിൽ പൊലീസ് പരിശോധന നടത്തുകയാണ്.
സജീവിന്റെ സുഹൃത്തുക്കളും അർഷാദിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അർഷാദ് വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന് സുഹൃത്ത് അംജദ് ആരോപിച്ചു. കൊലപാതകത്തിന് ശേഷവും സജീവിന്റെ ഫോണിൽനിന്ന് മെസേജ് വന്നു. സജീവ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ഫ്ലാറ്റിൽ വരേണ്ടെന്നും താൻ സ്ഥലത്തില്ലെന്നും അറിയിച്ചു. തങ്ങൾ ഫ്ലാറ്റിൽ എത്തുന്നത് വൈകിപ്പിക്കാനായിരുന്നു ശ്രമം. വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്യുകയായിരുന്നെന്നും അംജദ് പറഞ്ഞു.
അതേസമയം, സജീവുമായി അവസാനം സംസാരിച്ചത് ആഗസ്റ്റ് ഒമ്പതിനാണെന്ന് പിതാവ് രാമകൃഷ്ണൻ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഫോൺ സ്വിച്ച്ഓഫ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന ഫ്ലാറ്റിൽ താമസിച്ചിരുന്നവർ സ്ഥിരം പ്രശ്നക്കാരായിരുന്നെന്ന് അയൽവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് ഇവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഫ്ലാറ്റിൽനിന്ന് മാറുന്ന കാര്യവും സംസാരിച്ചിരുന്നതായാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.