കോട്ടയം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ജില്ലയിൽ വർധിക്കുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ കൊല്ലപ്പെട്ടത് മൂന്നു വീട്ടമ്മമാരാണ്. ഭർത്താക്കൻമാരാണ് മൂവരെയും കൊലപ്പെടുത്തിയത്. ഏറ്റുമാനൂർ കാണക്കാരിയിലെ ജെസിയുടെ (49) കൊലയായിരുന്നു ആദ്യത്തേത്. പരസ്ത്രീ ബന്ധങ്ങൾ ചോദ്യം ചെയ്ത വൈരാഗ്യം കാരണം ഭർത്താവ് സാം കെ. ജോർജ് ജെസിയെ ശ്വാസം മുട്ടിച്ചു കൊന്ന് ഇടുക്കിയിലെ കൊക്കയിൽ തള്ളുകയായിരുന്നു.
കിടങ്ങൂരിൽ കിടപ്പുരോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും പിടിയിലായത് ഭർത്താവ് ആണ്. കിടങ്ങൂർ സൗത്ത് മാന്താടി കവലക്ക് സമീപം ഏലക്കോടത്ത് വീട്ടിൽ രമണി (70) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 18നു നടന്ന സംഭവത്തിൽ ഭർത്താവ് സോമനെ (74) കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്തർസംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി പിടിയിലായതു ഞായറാഴ്ചയാണ്. അയൂർകുന്നത്ത് വാടകക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി അൽപന (28) ആണ് കൊല്ലപ്പെട്ടത്. കൃത്യം ചെയ്തത് ഭർത്താവ് എസ്. സോണിയും.
പരാതിപ്പെടാൻ സംവിധാനങ്ങളേറെ
നിരന്തര ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളാണ് ഒടുവിൽ കൊലപാതകത്തിനും ഇരയാകുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സർക്കാർ സംവിധാനങ്ങളെ അറിയിച്ച് സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും പരാതിപ്പെടാൻ മടിക്കുന്നത് അക്രമിക്ക് ഏറെ ഗുണകരമാകുന്ന സ്ഥിതിയുണ്ടാക്കുമെന്നും അധികൃതർ പറയുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ സംവിധാനങ്ങൾ ഏറെയുണ്ട്. കലക്ടറേറ്റിൽ വനിത പ്രൊട്ടക്ഷൻ ഓഫിസിൽ നേരിട്ട് പരാതി നൽകാം. കുടുംബശ്രീക്ക് കീഴിലുള്ള ‘സ്നേഹിത’ ഹെൽപ്ലൈൻ മറ്റൊരു മാർഗമാണ്. ഏറ്റുമാനൂരിൽ കുടുംബശ്രീയുടെ വനിത ഷെൽട്ടറും പ്രവർത്തിക്കുന്നുണ്ട്.
പൊലീസിന്‍റെ നിർഭയ ഹെൽപ്ലൈൻ, കേന്ദ്ര സർക്കാറിന്‍റെ വിമൻ ഹെൽപ്ലൈൻ തുടങ്ങിയവ മറ്റു മാർഗങ്ങളാണ്. അതിക്രമങ്ങള്‍ തടയൽ, അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവർക്ക് അടിയന്തര കൗണ്‍സിലിങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പൊലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ ലഭിക്കും.
ദിവസം 80 പരാതി!
ഗാർഹിക പീഡനം തടയുക ലക്ഷ്യമാക്കി വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ല തല സഖി ‘വൺ സ്റ്റോപ്പ് സെന്‍റർ’ നമ്പറിൽ ഒരു ദിവസം എത്തുന്നത് ശരാശരി 80 പരാതിയാണ്. കുറുവിലങ്ങാടുള്ള ഉഴവൂർ േബ്ലാക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഈ സെന്‍റർ പ്രവർത്തിക്കുന്നത്. 181 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിക്കാം. അപ്പോൾ തന്നെ പൊലീസ് പരാതി രജിസ്റ്റർ ചെയ്ത് അതത് ജില്ലയിലെ വൺ സ്റ്റോപ്പ് സെന്‍ററുകളിലേക്ക് കൈമാറും.
അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ വൺ സ്റ്റോപ്പ് സെന്‍റർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി നടപടി കൈകൊള്ളും. മൂന്നു വനിത പൊലീസ് ഉദ്യോഗസ്ഥർ വൺ സ്റ്റോപ്പ് സെന്‍ററിൽ മുഴുസമയ സേവനം നൽകാനുണ്ട്. നിയമസഹായം ജില്ല ലീഗൽ സർവിസ് അതോറിറ്റി വഴി സൗജന്യമായി നൽകും. താമസ സൗകര്യം ആവശ്യമായവർക്ക് അഞ്ചു ദിവസം വരെ സൗജന്യമായി താമസം നൽകും. ഏതു പ്രായത്തിലുള്ള പെൺമക്കളെയും 10 വയസ്സിന് താഴെയുള്ള ആൺമക്കളെയും കൂടെ കൂട്ടാം.
കൗൺസലിങ്ങിനും സംവിധാനമുണ്ട്. കലക്ടർ അധ്യക്ഷനായും വനിത സംരക്ഷണ ഓഫിസർ കൺവീനറുമായുള്ള ടാസ്ക് ഫോഴ്സാണ് സഖി വൺ സ്റ്റോപ്പ് സെന്‍റർ പദ്ധതി നടപ്പാക്കുന്നത്.
കരുതുക, ഈ നമ്പറുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.