മുരാരി ബാബു

ശബരിമല സ്വർണക്കൊള്ളയിൽ മുരാരി ബാബു അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ ബി. മുരാരി ബാബു അറസ്റ്റിൽ. ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിലെത്തിയതാണ് മുരാരി ബാബുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.

വർഷങ്ങളായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ ഒരാളാണ് മുരാരി ബാബു. സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ പങ്കും ​തൊണ്ടി മുതൽ നിലവിൽ എവിടെയാണ് ഉള്ളത് എന്നതും അറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യണം.

2025ല്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍കൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം.

ചെമ്പ് തെളിഞ്ഞതു കൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.

എൻ.എസ്.എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്ന മുരാരി ബാബു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സ്ഥാനം രാജിവെച്ചിരുന്നു. കരയോഗം ബോർഡ് യോഗം കൂടി രാജി ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശമുണ്ട്. മുരാരി ബാബു അടക്കമുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചനയുടെ ഭാഗമായെന്നും പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നുമാണ് മൊഴി.

Tags:    
News Summary - Murari Babu arrested in Sabarimala Gold Missing Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.