മുംബൈ: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയോടൊപ്പം പരസ്യ വിഡിയോയിൽ അഭിനയിക്കാൻ മക്കൾക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വ്യവസായിയുടെ മകനും സഹോദരിയുടെ മകൾക്കും അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് 3.9 ലക്ഷം രൂപ തട്ടിയെടുത്തത്. ദാദർ സ്വദേശിയായ നീരവ് ഗിലിത്‌വാലയാണ് കബളിപ്പിക്കപ്പെട്ടത്.
ലോവർ പരേലിലെ ഒരു മാളിൽ ഡിസ്നി കിഡ്സ് ഇന്ത്യ എന്ന കമ്പനിയുടെ പരസ്യ വിഡിയോയിൽ അഭിനയിക്കാൻ കുട്ടികളെ തേടിയുള്ള പരസ്യം ശ്രദ്ധയിൽപെട്ട നീരവ് അതിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടിരുന്നു. ഡിസ്നി കിഡ്സ് ഇന്ത്യയുടെ ക്രിയേറ്റീവ് ഡയറക്ടറാണെന്നു പരിചയപ്പെടുത്തിയ യുവാവ് കുട്ടികളുടെ ഫോട്ടോ, ഓഡിഷൻ വിഡിയോ എന്നിവ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഫോട്ടോ, വിഡിയോ എന്നിവ ആവശ്യപ്പെട്ട് കുടുംബത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റി.
സിവ ധോണി അവതരിപ്പിക്കുന്ന കാഡ്ബറി ഓറിയോ പരസ്യത്തിലേക്ക് അവരുടെ കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും തുടരാൻ രജിസ്ട്രേഷനും പ്രോസസിങ് ഫീസും അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ദമ്പതികൾ തുടക്കത്തിൽ ഏകദേശം 1.5 ലക്ഷം രൂപയും പിന്നീട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ച് ആകെ 3.5 ലക്ഷം രൂപ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
പരസ്യ ചിത്രീകരണത്തെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകളോ ഔദ്യോഗിക വിലാസമോ നൽകാതെ വന്നപ്പോൾ ദമ്പതികൾക്ക് സംശയം തോന്നുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയോയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.