ദേവദാസ്
മുക്കം: മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. സങ്കേതം ഹോട്ടലുടമയും പ്രധാന പ്രതിയുമായ ദേവദാസിന്റെ വാട്സ് ആപ് ചാറ്റുകളാണ് പുറത്തായത്.പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. ലൈംഗിക താൽപര്യങ്ങളും ശരീര വർണനയും നടത്തിയാണ് ദേവദാസ് ജീവനക്കാരിക്ക് വാട്സ് ആപ് വഴി സന്ദേശങ്ങൾ അയച്ചിരുന്നത്.
മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പുപറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നാണ് ഭീഷണി. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവെക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പുനൽകുന്നതും ചാറ്റിൽ കാണാം.
ബിസിനസ് പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നൽകണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ദേവദാസിൽ നിന്നുള്ള ശല്യം വർധിച്ചതോടെ യുവതി ഇക്കാര്യം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഭീഷണിയുമായി ദേവദാസും ജീവനക്കാരും താമസസ്ഥലത്ത് എത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്നാണ് യുവതി രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് ചാടിയതും ഗുരുതരമായി പരുക്കേറ്റതും. ഒളിവിൽ പോകുന്നതിനിടെ കുന്നംകുളത്തുവെച്ച് പിടിയിലായ ദേവദാസും കീഴടങ്ങിയ കൂട്ടുപ്രതികളും റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.