സുധാകർ എം.പിയും ഭാര്യ പ്രീതിയും

കെ. സുധാകർ എം.പിയുടെ ഭാര്യ ഡിജിറ്റൽ അറസ്റ്റ് സൈബർ തട്ടിപ്പിൽ കുടുങ്ങി; നഷ്ടമായത് 14 ലക്ഷം രൂപ, തിരിച്ചു പിടിച്ചു

മംഗളൂരു: മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയവരുടെ തട്ടിപ്പിൽ ചിക്കബെല്ലാപൂർ ബി.ജെ.പി എം.പിയും കർണാടക മുൻ മന്ത്രിയുമായ ഡോ. കെ. സുധാകറിന്റെ ഭാര്യ ഡോ. പ്രീതി സുധാകറിന് 14 ലക്ഷം രൂപ നഷ്ടമായി. തുക പിന്നീട് തിരിച്ചു പിടിച്ചു. വിപുലമായ വിഡിയോ കോൾ ഓപറേഷനിലൂടെയാണ് തട്ടിപ്പുകാർ വ്യാജ ഡിജിറ്റൽ അറസ്റ്റ് നടത്തിയത്.

വിദേശത്ത് നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളുമായി ഡോ. പ്രീതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുംബൈ സൈബർ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട കുറ്റവാളികൾ "അറസ്റ്റ് നടപടികൾ"ആരംഭിച്ചത്. അതിർത്തി കടന്നുള്ള കള്ളപ്പണം വെളുപ്പിക്കലിൽ അവരുടെ സ്വകാര്യ രേഖകൾ ദുരുപയോഗം ചെയ്തതായി തട്ടിപ്പുകാർ ആരോപിച്ചു. നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ആഗസ്റ്റ് 26 ന് വിഡിയോ കോൾ വഴിയാണ് തട്ടിപ്പുകാർ പ്രീതിയുമായി ബന്ധപ്പെട്ടത്. അനുസരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി. റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾക്കനുസൃതമായി 45 മിനിറ്റിനുള്ളിൽ പണം തിരികെ നൽകുമെന്ന് ഉറപ്പുനൽകി, വെരിഫിക്കേഷനായി ഫണ്ട് ആവശ്യപ്പെട്ടു. അവരുടെ അവകാശവാദങ്ങൾ വിശ്വസിച്ച് പ്രീതി നിർദിഷ്ട അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപ അയച്ചു.

പണം ലഭിച്ചയുടനെ തട്ടിപ്പുകാർ ബന്ധം വിച്ഛേദിച്ച് അപ്രത്യക്ഷരായി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഡോ. പ്രീതി ബംഗളൂരുവിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വഞ്ചന നടത്തിയ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. യഥാസമയം പരാതി നൽകിയതിനാൽ, 14 ലക്ഷം രൂപയും തിരിച്ചുപിടിക്കാൻ കഴിഞ്ഞു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൈബർ തട്ടിപ്പ് ശൃംഖലയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


Tags:    
News Summary - MP K Sudhakar’s wife defrauded, Rs 14 lakh recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.