കെ.ആർ. രാജേഷ്, ഷിജോ പോൾ
തൃശൂർ: കറൻസി ട്രേഡിങ്, ക്രിപ്റ്റോ കറൻസി തുടങ്ങിയവയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതമായി ഇരട്ടി പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയ സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സംഘത്തിലെ പ്രധാനിയും സ്ഥാപന 'ഡയറക്ടറു'മായ വടക്കാഞ്ചരി മലാക്ക കണ്ടരത്ത് വീട്ടിൽ രാജേഷ് മലാക്ക എന്ന കെ.ആർ. രാജേഷിനെയും സ്ഥാപനത്തിന്റെ 'പ്രമോട്ടർ' തൃശൂർ അരണാട്ടുകര പല്ലിശ്ശേരി വീട്ടിൽ ഷിജോ പോളിനെയുമാണ് തൃശൂർ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും കോയമ്പത്തൂരിലെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്.
ടോൾ ഡീൽ വെഞ്ചേഴ്സ്, ഫ്യൂച്ചർ ട്രേഡ് ലിങ്ക്സ് പേരുകളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇവിടെ നിക്ഷേപിച്ച 55,000 രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് പഴുവിൽ സ്വദേശി നൽകിയ പരാതിയിലും കല്ലൂർ സ്വദേശിയിൽനിന്ന് കഴിഞ്ഞവർഷം പലതവണയായി 1,11,000 രൂപ തട്ടിയെടുത്തതിനുമാണ് അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ ആയിരക്കണക്കിന് ആളുകളെ വിവിധ പദ്ധതികളിലേക്ക് ആകർഷിച്ച് കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും പൊലീസ് സംശയിക്കുന്നുണ്ട്. രാജേഷ് വിവിധ തരം വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ സൃഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
പുതിയ നിക്ഷേപകരെ കണ്ടെത്താൻ വലിയ ഹോട്ടലുകളിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്. ഇവർക്കെതിരെ തൃശൂർ ടൗൺവെസ്റ്റ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റ് വിവരമറിഞ്ഞ് കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി നിക്ഷേപകർ ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ മറ്റ് പ്രമോട്ടർമാരായ മലപ്പുറം കാളികാവ് പാലക്കാതൊടി മുഹമ്മദ് ഫസൽ, തൃശൂർ പെരിങ്ങോട്ടുകര കുന്നത്തുപടിക്കൽ കെ.ആർ. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആഡംബര ഒളിത്താവളം, തോക്കുധാരിയായ അംഗരക്ഷകൻ
രാജേഷും കൂട്ടാളിയും കോയമ്പത്തൂരിൽ തങ്ങിയ ആഡംബര ഒളിത്താവളം രഹസ്യമായി പൊലീസ് നിരീക്ഷിച്ചിരുന്നു. ഇയാളുടെ തോക്കുധാരിയായ അംഗരക്ഷകനെയും മറികടന്ന് സാഹസികമായാണ് അറസ്റ്റുചെയ്തത്.
വെസ്റ്റ് ഇൻസ്പെക്ടർ ടി.പി. ഫർഷാദ്, സബ് ഇൻസ്പെക്ടർ എ.ആർ. നിഖിൽ, സി.പി.ഒമാരായ പി. ഹരീഷ് കുമാർ, വി.വി. ദീപക്, സ്പെഷൽ ആക്ഷൻ ഗ്രൂപ് സി.പി.ഒമാരായ പ്രദീപ്, സുനീപ് എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.