ദുബൈ: കേരളത്തിൽ നിരവധി പേരുടെ പണം നഷ്ടമായ ക്യൂ നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ് തട്ടിപ്പിൽ ഇരയായവരിൽ പ്രവാസി മലയാളികളും. ലക്ഷക്കണക്കിന് രൂപയാണ് യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് നഷ്ടമായത്. ‘ഫൈറ്റ് എഗെൻസ്റ്റ് ക്യൂ നെറ്റ് വൈറസ്’ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി നിയമ പോരാട്ടത്തിന് തയാറെടുക്കുകയാണിവർ.
ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ മാത്രം 170ഓളം അംഗങ്ങൾ പണം നഷ്ടപ്പെട്ടവരായുണ്ട്. ഇതിനേക്കാളേറെ ആളുകൾക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. ക്യൂ നെറ്റിന്റെ പ്രവർത്തനം യു.എ.ഇയിൽ തുടങ്ങിയിട്ട് വർഷങ്ങളായി. എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്നും കടങ്ങൾ തീർക്കാമെന്നും തെറ്റിദ്ധരിപ്പിച്ചാണ് മണി ചെയ്ൻ മാതൃകയിൽ ഇവർ പണം ഈടാക്കുന്നത്.
10 ലക്ഷം രൂപയുടെ മുകളിൽ കൊടുത്തവർ പോലുമുണ്ട്. ആറുമാസത്തിലൊരിക്കൽ ഏതെങ്കിലും എമിറേറ്റിൽ വി കോം എന്ന പേരിൽ ഒത്തുചേരും. ബാക്കി എല്ലാ യോഗങ്ങളും സൂമിലായിരിക്കും. കൂടുതൽ പേരെ ചേർക്കുന്നതിനനുസരിച്ച് കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. സ്ഥിരമായി ക്ലാസുകളിൽ പങ്കെടുക്കുക, സ്വപ്നങ്ങൾ പങ്കുവെക്കുക, ടൈ ഉൾപ്പെടെ വസ്ത്രം ധരിക്കുക തുടങ്ങിയ നിബന്ധനകളും മുന്നോട്ടുവെക്കുന്നു. സാധാരണക്കാരെ വിശ്വസിപ്പിക്കാൻ ഗൾഫിൽ ചിത്രീകരിച്ച വിഡിയോകളും ഇവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ക്യൂ നെറ്റിന്റെ ഗുണഭോക്താക്കളെന്ന പേരിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇതിനെ പ്രകീർത്തിക്കുന്ന വിഡിയോയാണ് പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാട്സാപ്പ് ഗ്രൂപ്പുകളും നിലവിലുണ്ട്. ദിവസവും ഇതിലേക്ക് ആളുകളെ ചേർത്തുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്കയക്കാൻ സ്വരുക്കൂട്ടിവെച്ചിരിക്കുന്ന പണവും കടം വാങ്ങിയതും വായ്പയെടുത്തതുമെല്ലാം നൽകിയാണ് പലരും ഇതിൽ ചേരുന്നത്. ഉൽപന്നങ്ങളുടെ ബ്രാൻഡിങ്ങും വിൽപനയും ഇതിന്റെ മറവിൽ നടക്കുന്നുണ്ട്.
മാനഹാനി ഭയന്ന് പലരും പണം നഷ്ടപ്പെട്ടത് പുറത്തു പറയാറില്ല. പണം തിരികെ ചോദിക്കാൻ വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ല. നേരിൽ കാണാനും കഴിയുന്നില്ല. ആളെ ചേർത്തവർ പലരും ഇതിനകം രാജ്യം വിട്ടു. എങ്ങനെയെങ്കിലും പണം തിരികെ ലഭിക്കാനുള്ള ശ്രമത്തിലാണ് ഇരകൾ. കേരളത്തിൽ ക്യൂ നെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ പലരും വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.