അമൽലാൽ
കരുനാഗപ്പള്ളി: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി എം.ബി.എ വിദ്യാർഥി പിടിയിലായി. നെടുവത്തൂർ, കോട്ടാത്തല അമൽവിഹാറിൽ അമൽ ലാലാണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 3.66 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞദിവസം രാവിലെ കരുനാഗപ്പള്ളി പടതെക്ക് ബസ് സ്റ്റോപ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ബംഗളൂരുവിൽ എം.ബി.എ വിദ്യാർഥിയാണ്.
ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ വാങ്ങി നൽകുന്ന ഏജന്റായി പ്രവർത്തിക്കുന്ന ഇയാൾ വിദ്യാർഥികളുമായി ബന്ധം സ്ഥാപിച്ച ശേഷം ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകുകയായിരുന്നു. ഇയാൾ സ്ഥിരമായി ബംഗളൂരിൽനിന്ന് ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നെന്ന് ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
അടിവസ്ത്രത്തിലും മറ്റും രഹസ്യ അറകൾ നിർമിച്ച് ലഹരി വസ്തുക്കൾ ചെറിയ പൊതികളിലാക്കിയാണ് നാട്ടിലെത്തിച്ചിരുന്നത്.
കരുനാഗപ്പള്ളി അസി. കമീഷണർ വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ തോമസ്, ശരത്ചന്ദ്രപ്രസാദ്, എസ്.സി.പി.ഒമാരായ രാജീവ്, പ്രമോദ് എന്നിവരും സ്പെഷൽ ബ്രഞ്ച് എസ്.ഐ ആർ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരുമടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.