അജിത് വർഗീസ്, അൽത്താഫ്, ജുനൈസ്

കോഴിക്കോട്ട് വൻ ലഹരിവേട്ട; ഏഴരക്കിലോ കഞ്ചാവുമായി വധശ്രമക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ മൂന്നു യുവാക്കളെ ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗീസ് (22), കോഴിക്കോട് കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36), കാസർകോട് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.

സിറ്റി പൊലീസ് മേധാവി എ. അക്ബറിന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എൻ. ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ ഓണത്തോട നുബന്ധിച്ച നടത്തുന്ന പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് സംഘം വലയിലായത്. ഇതര സംസ്ഥാനങ്ങളിൽനിന്നും കഞ്ചാവ് എത്തിച്ചശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽവെച്ച് ആവശ്യക്കാരായ വിദ്യാർഥികളെയടക്കം കണ്ടെത്തി ചില്ലറയായി എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വിൽപന നടത്തുന്നത്. ഇവരുടെ വലയിൽപെട്ട വിദ്യാർഥികളിൽനിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി സംഘത്തെ നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.

പിടിയിലായ അജിത് വർഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ഇതിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞുവരവേയാണ് പിടിയിലാകുന്നത്. നാർക്കോട്ടിക് സെൽ അസി. കമീഷണർ പി. പ്രകാശന്‍റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

കസബ സബ് ഇൻസ്‌പെക്ടർമാരായ എസ്. അഭിഷേക്, രാജീവൻ, സീനിയർ സി.പി.ഒ പി.എം. രതീഷ്, സി.പി.ഒമാരായ ബിനീഷ്, വിഷ്ണുപ്രഭ, ഡൻസാഫ് അസി. സബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ കാരയിൽ സുനോജ്, അർജുൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, അനൂജ്, പി. സജേഷ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - massive drug hunt; Three people were arrested with 7.5 ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.