പടിയൂർ (കണ്ണൂർ): വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നൽകി കണ്ണൂർ സ്വദേശിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബറേലി സ്വദേശി നദീം ഖാനെ (25) ഇരിക്കൂർ പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ബറേലിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ദുബൈയിൽ ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് നദീം ഖാൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ യുവതി നാട്ടിലേക്ക് മടങ്ങുകയും ഒരുമാസം മുമ്പ് കുഞ്ഞിന് ജൻമം നൽകുകയും ചെയ്തു. മാസം തികയാതെയുള്ള പ്രസവത്തെ തുടർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ വെച്ച് കുഞ്ഞ് മരിക്കുകയും ചെയ്തു.
ഇതിനിടെ നദീംഖാനെതിരെ യുവതി ഇരിക്കൂർ പൊലീസിൽ പരാതി നൽകി. ദുബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയ നദീംഖാനെ പിടികൂടാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ഇയാൾ വീണ്ടും ദുബൈയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ബറേലി ഇസത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണൂർ കോടതിയിൽ പ്രതിയെ ഹാജരാക്കിയ ശേഷം 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ.എസ്.ഐമാരായ സത്യനാഥൻ, ജയശീലൻ, സീനിയർ സി.പി.ഒ രഞ്ജിത്ത് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.