മനു യശോധരൻ

സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫർണിച്ചർ ഉൽപന്നങ്ങൾ തട്ടിയെടുത്ത് യുവാവ്; പൊലീസ് കേസെടുത്തു

തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ ഫർണിച്ചർ കടകളിൽനിന്നും സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ലക്ഷങ്ങളുടെ ഫർണിച്ചർ ഉൽപന്നങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. പെരുംതുരുത്തിയിൽ പ്രവർത്തിക്കുന്ന എ.കെ ഫർണിച്ചർ, തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന തോപ്പിൽ ഫർണിച്ചർ എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട ഗ്രാമ വികസന കേന്ദ്രം എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി ഐഡന്റിറ്റി കാർഡ് ധരിച്ച് എത്തിയ യുവാവാണ് പറ്റിപ്പ് നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.

മേയ് 14നായിരുന്നു സംഭവം നടന്നത്. ഉച്ചയോടെ കടയിൽ എത്തിയ യുവാവ് ഗ്രാമവികസന കേന്ദ്രം എൻജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി 1.1 ലക്ഷം രൂപയോളം വിലവരുന്ന ഫർണിച്ചറുകൾ വാങ്ങി. ഇതിനുശേഷം സമാന തുകക്കുള്ള ചെക്ക് കൈമാറി. കൂടെ ഗ്രാമവികസന കേന്ദ്രത്തിന്റെ സീലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി. തുടർന്ന് കുറച്ചു സാധനങ്ങൾ മറ്റൊരു കടയിൽ നിന്നുകൂടി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഉടമയിൽനിന്നും പണമായി 50,000 രൂപയും വാങ്ങി.

ഇവിടെനിന്നും പോയ യുവാവ് നേരെ എത്തിയത് തിരുവല്ല നഗരത്തിലെ തോപ്പിൽ ഫർണിച്ചർ മാർട്ടിലേക്ക് ആയിരുന്നു. ഇവിടെയെത്തി ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങി ചെക്കും എഗ്രിമെൻറ് പേപ്പറും നൽകി സാധന സാമഗ്രികൾ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ഈ സാധനങ്ങൾ എ.കെ ഫർണിച്ചർ മാർട്ടിൽ എത്തിച്ചു. ഇവിടെ എത്തിച്ച സാധനങ്ങൾ ഇറക്കിവെച്ചശേഷം സാധനങ്ങൾ മുഴുവനായി അടുത്ത ദിവസം കറുകച്ചാലിൽ താൻ നൽകുന്ന മേൽവിലാസത്തിൽ എത്തിച്ചാൽ മതിയെന്ന് അറിയിച്ചു.

ഇരുകടകളിൽനിന്നും വാങ്ങിയ സാധനങ്ങൾ തൊട്ടടുത്ത ദിവസം എ.കെ ഫർണിച്ചർ മാർട്ടിന്റെ പിക്കപ് വാനിൽ കറുകച്ചാലിൽ എത്തിച്ചു. തുടർന്ന് തിങ്കളാഴ്ച ചെക്കുകൾ മാറാൻ ബാങ്കുകളിൽ എത്തിയപ്പോഴാണ് തങ്ങൾ തട്ടിപ്പിന് ഇരയായ വിവരം വ്യാപാരികൾ അറിഞ്ഞത്. ഇതോടെ തിരുവല്ല പൊലീസിൽ പരാതി നൽകി. പ്രതിയെ സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് എ.കെ ഫർണിച്ചർ മാർട്ട് ഉടമ നടത്തിയ അന്വേഷണത്തിൽ കറുകച്ചാലിലെ മൊബൈൽ ഫോൺ കടയിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ എ.കെ ഫർണിച്ചർ മാർട്ട് ഉടമ തിരുവല്ല പൊലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ജനുവരിയിൽ ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുകയായിരുന്ന കമ്പം സ്വദേശിനി മലർ എന്ന വനിതാ ഡോക്ടറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന എത്തി ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ കോട്ടയം പനച്ചിക്കാട് മറ്റത്തിൽ വീട്ടിൽ മനു യശോധരൻ (39) ആണ് തിരുവല്ലയിലെ സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരിച്ചു.

ഡോക്ടറെ കബളിപ്പിച്ച് അരലക്ഷം രൂപ തട്ടിയ കേസിൽ മനുവിന്റെ കൂട്ടുപ്രതിയായ ഹെവൻ വാലി എസ്റ്റേറ്റിൽ സാം കോരയും (33) പിടിയിലായിരുന്നു. ഈ കേസിൽ റിമാൻഡിൽ പോയ പ്രതി ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് തിരുവല്ലയിൽ തട്ടിപ്പ് നടത്തിയത്. ചങ്ങനാശ്ശേരിയിലെ പലവ്യഞ്ജന മൊത്തക്കച്ചവട സ്ഥാപനമായ പ്രഭുസ് സ്റ്റോറിൽ നിന്നും സിവിൽ സപ്ലൈസ് ഓഫീസർ എന്ന വ്യാജേനെ 50 ചാക്ക് പഞ്ചസാര ഉൾപ്പെടെ 3 ലക്ഷത്തോളം രൂപയുടെ പലവ്യഞ്ജനങ്ങളും സമാന തരത്തിൽ പ്രതി തട്ടിയെടുത്തതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി തിരുവല്ല ഡി.വൈ.എസ്.പി എസ്. നന്ദകുമാർ പറഞ്ഞു.

Tags:    
News Summary - Man impersonates government official and steals furniture products; police register case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.