കാഞ്ഞങ്ങാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നാട്ടിൽ തിരിച്ചെത്തി മകളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി നൗഷാദാണ് മകളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കഴുത്തിന് വെട്ടാനുള്ള ശ്രമം കൈകൊണ്ട് തടഞ്ഞതിനാലാണ് മകൾ രക്ഷപ്പെട്ടത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ ഇയാളെ പിടികൂടി ആദൂർ പൊലീസിന് കൈമാറി. ഒട്ടേറെ കേസുകളിൽ പ്രതിയായ നൗഷാദിനെ ആറുമാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെത്തുടർന്നാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
പൊലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യമായി ജില്ലയിൽ പ്രവേശിച്ച നൗഷാദ് ബോവിക്കാനത്ത് താമസിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി മകൾ നൗഷീറയെ (17) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പിതാവിന്റെ ദുർനടപ്പ് ചോദ്യംചെയ്തതിനെത്തുടർന്നായിരുന്നു പെൺകുട്ടിക്കു നേരെ വധശ്രമം. തടയാൻ ശ്രമിച്ച മാതാവ് താഹിറക്ക് നേരെയും ആക്രമണമുണ്ടായി. ബോവിക്കാനത്തുനിന്ന് കടന്ന നൗഷാദിനെ പൊലീസ് കാഞ്ഞങ്ങാടുവെച്ച് പിടികൂടുകയായിരുന്നു.
മകളെ വധിക്കാൻ ശ്രമിച്ചതിന് കുറ്റകരമായ നരഹത്യക്ക് ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടുകടത്തിയ പ്രതി വീണ്ടും ജില്ലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചതിന് നൗഷാദിനെതിരെ ഹോസ്ദുർഗ് പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.