സുബിൻ
പയ്യോളി: കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കളായ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മറ്റൊരാൾ രക്ഷപ്പെട്ടു. മണിയൂർ ഗ്രാമപഞ്ചായത്തിലെ പതിയാരക്കര പള്ളിപ്പറമ്പത്ത് വീട്ടിൽ സുബിനെയാണ് (27) കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്. മണിയൂർ മുടപ്പിലാവിൽ തിരുവങ്ങോത്ത് മീത്തൽ അശ്വിൻ (30) രക്ഷപ്പെട്ടു. ആകെ 2.040 കിലോഗ്രാം കഞ്ചാവാണ് ചാക്കിൽ കെട്ടിയ നിലയിൽ പൾസർ ബൈക്കിൽ കടത്തി വിൽപനക്ക് കൊണ്ടുവന്നത്.
പയ്യോളി കിഴൂരിൽ ശനിയാഴ്ച വൈകീട്ട് ആറോടെ രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തവെ സംശയം തോന്നിയ ബൈക്കിന് പിറകെ എക്സൈസ് ഉദ്യോഗസ്ഥരും രണ്ടംഗ സംഘത്തെ പിന്തുടരുകയായിരുന്നു. സംശയം തോന്നിയ പ്രതികൾ അമിതവേഗതയിൽ ബൈക്കോടിച്ച് കിഴൂർ - തുറശ്ശേരിക്കടവ് റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നിർത്തി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുബിൻ പിടിയിലാവുന്നത്. കഞ്ചാവ് ആവശ്യപ്പെടുന്നവരോട് പണം അക്കൗണ്ടിലിട്ടശേഷം രഹസ്യസ്ഥലത്ത് ഉപേക്ഷിച്ച് സ്ഥലത്തിന്റെ ഗൂഗ്ൾ മാപ്പ് ലിങ്ക് അയച്ചുകൊടുക്കലാണ് പ്രതികളുടെ പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പിടിയിലായ പ്രതിക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊയിലാണ്ടി റേഞ്ച് ഓഫിസിലെ ഇൻസ്പെക്ടർ ജി. ബിനുഗോപാൽ, പ്രിവന്റിവ് ഓഫിസർമാരായ എൻ. രാജു, എം. സജീവൻ, എൻ. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജി.ആർ. രാകേഷ്ബാബു, എ.കെ. രതീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ആർ. രേഷ്മ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. അശ്വിനായി തിരച്ചിലാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.