ഷ​ബീ​റ​ലി

മൊബൈൽ ആപ്പിൽ പണം അയച്ചെന്ന് പറഞ്ഞ് 40 പവന്‍റെ സ്വർണാഭരണങ്ങൾ തട്ടിയയാൾ പിടിയിൽ

വേങ്ങര: വേങ്ങരയിലെ പ്രമുഖ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം വാങ്ങി, മൊബൈൽ ആപ്പ് വഴി പണം ട്രാൻസ്ഫർ ചെയ്തെന്നു പറഞ്ഞ് വ്യാപാരിയെ കബളിപ്പിച്ച് മുങ്ങിയയാൾ പിടിയിൽ. കിഴിശ്ശേരി കുഴിമണ്ണ പാലക്കപ്പറമ്പിൽ ഷബീറലി (28) ആണ് അറസ്റ്റിലായത്. 2021 നവംബർ ഒന്നിനാണ് പ്രതി വേങ്ങരയിലെ ജ്വല്ലറിയിലെത്തി 40 പവൻ സ്വർണാഭരണം വാങ്ങിയത്. വിലയായ 15 ലക്ഷം രൂപ മൊബെൽ ആപ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടിൽ കയറിയിട്ടുണ്ടെന്നും പറഞ്ഞാണ് കബളിപ്പിച്ചത്.

നിർധന പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിക്കുന്നതിനാണ് ആഭരണമെന്നും പ്രതി വിശ്വസിപ്പിച്ചു. ജ്വല്ലറിക്കാരുടെ കുഴിമണ്ണയിലെ സുഹൃത്തിനെക്കൊണ്ട് വേങ്ങരയിലേക്ക് വിളിപ്പിച്ചു പരിചയപ്പെടുത്തുന്നതിനും ഇയാൾ ശ്രമിച്ചു. ഇന്‍റർനെറ്റ് കണക്ഷനിൽ പ്രശ്നമുണ്ടെന്നും ശരിയായാൽ പണം അക്കൗണ്ടിൽ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ആറു മാസത്തോളമായി ഡൽഹിയിലും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽനിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ അറസ്റ്റ് രേഖപ്പെടുത്തി, പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി. വേങ്ങര സ്റ്റേഷൻ ഓഫിസർ മുഹമ്മദ് ഹനീഫ, മലപ്പുറം ഡാൻസാഫ് ടീം അംഗങ്ങളായ സിറാജുദ്ദീൻ, ഷഹേഷ്, വേങ്ങര എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Man arrested for stealing 40 pawan gold jewelery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.