ബെംഗളൂരു: കർണാടകയിൽ നിധി സ്വന്തമാക്കാൻ നരബലി നൽകണമെന്ന ജോത്സ്യന്റെ നിർദേശത്തെ തുടർന്ന് യുവാക്കൾ ചെരുപ്പുകുത്തിയെ കൊലപ്പെടുത്തി. സംഭവത്തിൽ ആന്ധ്ര സ്വദേശികളായ ആനന്ദ് റെഡ്ഡി, ജോത്സ്യൻ രാമകൃഷ്ണൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തിയായ പ്രഭാകർ (52) ആണ് കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ ഒന്നാം പ്രതി ആന്ധ്രാപ്രദേശ് കുണ്ടുർപി സ്വദേശിയായ ആനന്ദ് റെഡ്ഡി പാവഗഡയിലെ ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്തു വരികയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള ആനന്ദ് ജോത്സ്യനായ രാമകൃഷ്ണനെ സമീപിക്കുകയും പരിഹാരം ആരായുകയും ചെയ്തു. പെട്ടന്ന് സാമ്പത്തിക ബുദ്ധിമുട്ട് മാറണമെങ്കിൽ ഭൂമിയുടെ അടിയിൽ മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കിയാൽ മതിയെന്നും പക്ഷെ അതിനായി നരബലി നൽകണമെന്നും ജോത്സ്യൻ പറഞ്ഞു. നരബലി നടത്തി മാരാമ ദേവിക്ക് രക്തം നൽകിയാൽ ആഗ്രഹിച്ച കാര്യം സാധിക്കുമെന്നും ജോത്സ്യൻ പറഞ്ഞു.
നിധി പരശുരാമപുര വെസ്റ്റിലാണ് മറഞ്ഞിരിക്കുന്നതെന്ന് ജോത്സ്യൻ ആനന്ദിനെ വിശ്വസിപ്പിച്ചു. തുടർന്ന് നരബലിക്കായി കണ്ടെത്തിയത് ചെരുപ്പുകുത്തിയായ പ്രഭാകരിനെയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രഭാകരിനെ പ്രതി ആനന്ദ് ലിഫ്റ്റ് വാഗ്ദാനം ചെയ്‌ത് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രഭാകരിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആനന്ദ് വിവരം ജോത്സ്യനെ അറിയിച്ചു. ഇരുവരും ചേർന്ന് മറ്റു ചടങ്ങുകൾ നടത്തുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.