അ​ച്ചു, സി​ന്ധു

ലഹരി കടത്തിലെ മുഖ്യ കണ്ണികൾ അറസ്റ്റിൽ

കൊല്ലം: ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രധാനികളായ രണ്ടുപേരെ പൊലീസ് കരുതൽ തടങ്കലിലാക്കി. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐ.ടി.ഐ വാർഡിൽ രഞ്ജുമന്ദിരത്തിൽ അച്ചു (30) , എറണാകുളം പച്ചാളം സഫ്ദർ ഹശ്മി ലൈനിൽ ഓർക്കിഡ് ഇൻറർനാഷണൽ അപ്പാർട്ട്മെന്റിൽ സിന്ധു (31) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സിന്ധു എം.ഡി.എം.എ കടത്തിയ മൂന്നു കേസുകളിലും അച്ചു രണ്ട് കേസുകളിലും പ്രതിയാണ്.

2023 ഫെബ്രുവരി 13ന് പാലക്കാട് കൊല്ലംകോട് വച്ച് സിന്ധുവും അച്ചുവും മറ്റ് മൂന്നുപേരും സഞ്ചരിച്ചിരുന്ന കാർ കൊല്ലംകോട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ സിന്ധുവിന്റെ കൈവശം 13 ഗ്രാം എം.ഡി.എം.എയും അച്ചുവിൻറെ കൈവശം 12 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തതും ഉൾപ്പെടെ അഞ്ചു പേരിൽ നിന്നായി ആകെ 85 ഗ്രാം എം.ഡി.എം.എ പിടിച്ചിരുന്നു. ഈ കേസിലെ ഒന്നും അഞ്ചും പ്രതികളാണ് അച്ചുവും സിന്ധുവും.

2025 ജൂലൈ 19ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ലോഡ്ജിൽ വച്ച് അച്ചുവിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എയും സിന്ധുവിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും ഉൾപ്പെടെ ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി രണ്ടുപേരെയും ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ സിന്ധു ലഹരി വില്പന തുടരുകയും കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലാകുകയും ചെയ്തു.

എറണാകുളത്തെ സിന്ധുവും സുഹൃത്തായ ഷഹനാസും താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജിലെ മുറിയിൽനിന്ന് എറണാകുളം സെൻട്രൽ പൊലീസ് 17ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസിലും സിന്ധുവിനെയും ഷഹനാസിനെയും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ സിന്ധു എറണാകുളം കാക്കനാട് വനിതാ ജയിലിൽ റിമാൻഡിൽ ആണ്. കൊല്ലംകോട് പൊലീസ് സ്റ്റേഷനിലും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത സിന്ധു പ്രതിയായുള്ള കേസുകളിൽ അച്ചുവും കൂട്ടുപ്രതിയാണ്.

സിന്ധുവും അച്ചുവും ബംഗളൂരുവിൽ നിന്നും രാസ ലഹരിയായി എം.ഡി.എം.എ കേരളത്തിൽ വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇവർ സ്ഥിരം എം.ഡി.എം.എ കച്ചവടക്കാരാണെന്നും ഇവർ ജാമ്യത്തിൽ ഇറങ്ങി ലഹരി വിൽപ്പന തുടർരുന്നെന്നും കുറ്റകൃത്യത്തിൽ നിന്നും പിന്മാറുന്നില്ല എന്നും ഇവരെ കരുതൽ തടങ്കലിൽ ആക്കണമെന്നും കാണിച്ച് കൊല്ലം എ.സി.പി എസ്. ഷെറീഫ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് നൽകിയ റിപ്പോർട്ട് നടപടിക്കായി ആഭ്യന്തരവകുപ്പിന് സമർപ്പിക്കുകയായിരുന്നു.

റിപ്പോർട്ട് പരിശോധിച്ച സർക്കാർ കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ അച്ചുവിനെ കരിക്കോട് നിന്നും ഈസ്റ്റ് പൊലീസ്അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ കരുതൽ തടങ്കൽ കാക്കനാട് ജയിൽ എത്തി ഈസ്റ്റ് എസ്.ഐ സരിതയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പുഷ്പകുമാർ, എസ്.ഐ നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - main accused arrested in drug trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.