ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്‍റ് അറസ്റ്റിൽ

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര പരിസ്ഥിതി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ പങ്കജാ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അനന്ത് ഗാർഗെ അറസ്റ്റിൽ. ഇന്ന് രാവിലെ വർലി പൊലീസ് ആണ് ഗാർഗെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കെ.ഇ.എം ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്ന ഗൗരിയെ വർലി ബി.ഡി.ഡി ചാളിയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവ് അനന്ത് ഗാർഗെയുടെ പരസ്ത്രീബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കിടയിൽ കുടുംബപ്രശ്നം നിലനിന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബീഡ് ജില്ലക്കാരനായ അനന്തിനെ ഗൗരി വിവാഹം കഴിച്ചത്. തുടർന്ന് വർലിയിലെ ആദർശ് നഗറിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ, ഒക്ടോബർ ഒന്നിന് ബി.ഡി.ഡി ചൗളിന്റെ 30-ാം നിലയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറി. ഗൗരിയുടെ സഹോദരി ഭർത്താവ് അജയ് ഗാർഗെയും അവിടെയാണ് താമസിച്ചിരുന്നത്.

അനന്തിന് പരസ്ത്രീബന്ധമുള്ളതായി കുറച്ച് മാസങ്ങളായി ഗൗരിക്ക് സംശയം തോന്നിയിരുന്നതായി പിതാവ് പറഞ്ഞു. വീട് മാറുന്നതിനിടെ ഗർഭിണിയായ സ്ത്രീയുടെ പേരിലുള്ള മമത ആശുപത്രിയിലെ രേഖകൾ ഗൗരി കണ്ടെത്തിയിരുന്നു. രേഖയിൽ കുഞ്ഞിന്‍റെ പിതാവായി അനന്തിന്‍റെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് അനന്തും ഗൗരിയും തമ്മിലുള്ള ദാമ്പത്യം തകരാൻ ഇടയാക്കിയത്.

പരസ്ത്രീബന്ധം ആരോടെങ്കിലും പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യകുറിപ്പിൽ ഗൗരിയുടെ പേരെഴുതുമെന്നും അനന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഗൗരി ആത്മഹത്യ ചെയ്യില്ലെന്നും ഇതിന് പിന്നിൽ കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

അനന്തിന്‍റെ സഹോദരൻ അജയ്, സഹോദരി ശീതൾ എന്നിവർ ഗൗരിയെ മാനസികമായി പീഡിപ്പിച്ചെന്നും അവിഹിതബന്ധത്തിന് പിന്തുണ നൽകിയെന്നും പിതാവ് മൊഴി നൽകി. ശനിയാഴ്ച വൈകുന്നേരം മറ്റാരും വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഗൗരി അനന്തുവിനെ വിളിച്ച് ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞു. ആ സമയം, അനന്ത് മന്ത്രി പങ്കജാ മുണ്ടെക്കൊപ്പം യാത്രയിലായിരുന്നു. ഉടൻ തന്നെ അനന്ത് വീട്ടിലെത്തി ഗൗരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബീഡ് ജില്ലയിലെ പിംപ്രി സ്വദേശിയായ ഗൗരി, മെഡിക്കൽ ലക്ചർ അശോക് പാൽവെയുടെ മകളാണ്. ബീഡിലെ ആദിത്യ ഡെന്റൽ കോളജിൽ നിന്ന് ബി.ഡി.എസ് പൂർത്തിയാക്കിയ അവർ ജെ.ജെ ആശുപത്രി, സിയോൺ ആശുപത്രി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് കെ.ഇ.എം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.

Tags:    
News Summary - Maharashtra Minister Pankaja Munde's personal assistant arrested in wife's suicide case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.