തുണി ഉണക്കുന്നതിനെ ചൊല്ലി സംഘർഷം, വധശ്രമം: 11 പ്രതികളെ കോടതി വെറുതെവിട്ടു

താനെ: വസ്ത്രം ഉണക്കാൻ കയർ കെട്ടിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ കൊലപാതകശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളായ 11 പേരെ താനെ കോടതി വെറുതെവിട്ടു. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷനുണ്ടായ വീഴ്ചയും പ്രതികളെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ് വിധി.

2009 നവംബർ 22-ന് താനെ നഗരത്തിലെ വാഗലെ എസ്റ്റേറ്റിലാണ് കേസിനാസ്പദമായ സംഭവം. കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി ഒത്തുകൂടൽ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രകാശ് കേദാർനാഥ് ബിന്ദ് അടക്കമുള്ളവരെയാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.ബി. അഗ്രവാൾ കുറ്റവിമുക്തരാക്കിയത്.

അയൽവാസികൾ തമ്മിലുള്ള നിസ്സാരമായ തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്. വസ്ത്രം ഉണക്കാൻ പ്രതികൾ ഇലക്ട്രിക് പോസ്റ്റിനും അനിൽ ഗ്യാൻചന്ദ് ഗുപ്ത എന്നയാളുടെ വീടിന്റെ ഗ്രില്ലിനും ഇടയിൽ കയർ കെട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അനിൽ ഗ്യാൻചന്ദ് ഇതിനെ എതിർത്തു. പ്രാദേശിക കോർപ്പറേറ്റർ സ്ഥാപിച്ച പൊതുബഞ്ചിന് മുകളിലായിരുന്നു ഈ കയറിൽ നിന്ന് വെള്ളം വീണത്. ഗുപ്ത ഇത് ചോദ്യം ചെയ്തതോടെ തർക്കം ഭീഷണിയിലേക്ക് നീങ്ങുകയും അടുത്ത ദിവസം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ഇരുമ്പുദണ്ഡുകൾ, തടിക്കഷണങ്ങൾ എന്നിവയുമായി പ്രതികൾ ഗുപ്തയെയും കൂട്ടാളികളെയും ആക്രമിച്ചുവെന്നും അതുവഴി പോയ യോഗേന്ദ്ര നേഗി എന്നയാളു​ടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു എന്നുമാണ് കേസ്.

എന്നാൽ, പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളിൽ നിരവധി പൊരുത്തക്കേടുകളും പോരായ്മകളും ഉള്ളതായി കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ച് പ്രോസിക്യൂഷന് വിശദീകരണം നൽകാൻ സാധിക്കാത്തത് കേസിന്റെ വിശ്വാസ്യത കുറയ്ക്കുന്നുവെന്ന് 75 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു. ആക്രമണം ആദ്യം തുടങ്ങിയത് ആരാണെന്ന് വ്യക്തമല്ല. പ്രധാന സാക്ഷികളുടെ പരിക്കിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രധാന സാക്ഷികളാരും പ്രോസിക്യൂഷന്റെ വാദങ്ങളെ പിന്തുണച്ചില്ലെന്നും കോടതി കണ്ടെത്തി.

Tags:    
News Summary - Maharashtra Court Verdict: 11 Acquitted in 2009 Riot Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.