ത്രികോണ പ്രണയം; കാമുകനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു

അഗർത്തല: ഇന്ദ്രനഗറിൽ 24 വയസുള്ള യുവാവിന്റെ മൃതദേഹം ട്രോളി ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാനത്ത് നിന്നും 120 കിലോമീറ്റർ അകലെയുള്ള ധലായ് ജില്ലയിലെ ഗന്ധചേര മാർക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അഗർത്തല സ്മാർട്ട് സിറ്റി മിഷന് കീഴിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ശരീഫുൽ ഇസ്‌ലാമിന്റെ മൃതദേഹമാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ജൂൺ എട്ട് മുതൽ യുവാവിനെ കാണാനില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

സങ്കീർണമായ ത്രികോണ പ്രണയമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന യുവ ഡോക്ടറായ ദിബാകർ സാഹയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹയും ശരീഫുൽ ഇസ്‌ലാമും തമ്മിൽ പ്രണയത്തിലായിരുന്നെന്നും സാഹയുടെ ബന്ധുവായ സ്ത്രീയുമായി ശരീഫിനുണ്ടായിരുന്ന പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദിബാകർ സാഹയെ കൂടാതെ മറ്റൊരു സ്ത്രീയെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ജൂൺ എട്ടിന് ദിബാകർ ശരീഫുൽ ഇസ്‌ലാമിനെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ശരീഫ് വീട്ടിലെത്തിയപ്പോൾ ദിബാകർ ഉൾപ്പെടെ നാല് പേർ വീട്ടിലുണ്ടായിരുന്നെന്നും അവർ ഷരീഫിനെ ആക്രമിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ട്രോളി ബാഗിൽ മൃതദേഹം പാക്ക് ചെയ്‌തെന്നുമാണ് പൊലീസ് പറയുന്നത്. തുടർന്ന് ദിബാകറിന്റെ മാതാപിതാക്കളായ ദീപകും ദേബിക സാഹയും ട്രോളി ബാഗുമായി ഗന്ധചേര മാർക്കറ്റിലെ അവരുടെ കടയിലേക്ക് പോയി. ശേഷം അവിടുത്തെ ഐസ്ക്രീം ഫ്രീസറിൽ ബോഡി സൂക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ശരീഫുളിനെ കാണാതായതിനെത്തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംശയം തോന്നിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്. ശരീഫും ദിബാകർ സാഹയുടെ ബന്ധുവായ സ്ത്രീയും തമ്മിലുള്ള പ്രണയബന്ധത്തിന്റെ മൊബൈൽ സന്ദേശങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Tags:    
News Summary - Love triangle; Murdered lover and kept body in freezer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.