വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗലാപുരത്തേക്ക് പോകുന്നതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്.

കോഴിക്കോട് വടകര സ്വദേശിനി അസ്മിനയെ(38) ബുധനാഴ്ചയാണ് ആറ്റിങ്ങൽ മൂന്ന് മുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാത്രി ലോഡ്ജിലെത്തിയ അസ്മിനയെ ഭാര്യയെന്ന് പറഞ്ഞാണ് അവിടെ താമസിപ്പിച്ചത്. രാത്രി വൈകി ഇരുവരും മദ്യപിച്ച ശേഷം വഴക്കിട്ടു. ആസ്മിനയുടെ മകളെ കാണാൻ പോകുന്നത് സംബന്ധിച്ച ആവശ്യം ജോബിൻ നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ജോബിൻ മദ്യക്കുപ്പിയെടുത്ത് അസ്മിനയുടെ തലയ്ക്കടിക്കുകയായിരുന്നു.

ബോധം നഷ്ടപ്പെട്ട് കട്ടിലിൽ വീണ അസ്മിനെയെ ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പ് വരുത്തി ജോബിൻ അസ്മിനയുടെ ഫോണും ഷാളും രക്തം പുരണ്ട വസ്ത്രങ്ങളും എടുത്ത് സ്ഥലം വിട്ടു. രാവിലെ 10 മണി കഴിഞ്ഞിട്ടും ജോബിനെ കാണാത്തതിനെ തുടർന്ന് മറ്റ് ജീവനക്കാരൻ ജനൽ വഴി നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസ് എത്തി മരണം സ്ഥിരീകരിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. വസ്ത്രങ്ങളിലും ചുവരുകളിലും രക്തകറയുമുണ്ടായിരുന്നു.

കൊലപാതക സാധ്യത കണക്കിലെടുത്ത് പൊലീസ് ജോബിനെ കണ്ടെത്താൻ വേണ്ടി പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചിരുന്നു. കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും അന്വേഷണത്തിൽ സഹകരിച്ചു. ട്രെയിൻ തൃശൂരിൽ എത്തുമ്പോൾ പിടിക്കാനുള്ള നീക്കം പാളി. കോഴിക്കോട് റെയിൽവേ സ്റ്റേഷനുപുറത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.

അസ്മിന ആദ്യം നാട്ടിൽനിന്നും പിന്നീട്​ കരുനാഗപ്പള്ളിയിൽനിന്നും വിവാഹം കഴിച്ചിരുന്നു. ജോബിൻ രണ്ടാം ഭാര്യയെ ആക്രമിച്ച കേസിൽ ജയിലിലായിട്ടുണ്ട്. മാവേലിക്കരയിൽ ഹോട്ടൽ മാനേജരായി വന്നപ്പോഴാണ്​ അവിടുത്തെ ജോലിക്കാരിയായ അസ്മിനയെ പരിചയപ്പെട്ടതും ഒന്നിച്ച് താമസമാക്കിയതും. അഞ്ച്​ ദിവസം മുമ്പാണ് ജോബിൻ ആറ്റിങ്ങൽ ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ജോബിനെ കോടതി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Lodge manager arrested in connection with the murder of a Vadakara native woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.