അറസ്റ്റിലായ പ്രതികൾ 

കൊൽക്കത്ത ബലാത്സംഗക്കേസ്; പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായി, കഴുത്തിലും നെഞ്ചിലും പാടുകൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 24കാരിയുടെ വൈദ്യ പരിശോധന പൂർത്തിയായി. പരിശോധനയിൽ ശാരീരിക ആക്രമണത്തിന്റെ ഒന്നിലധികം ലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്തിലും നെഞ്ചിലുമായി ആക്രമിച്ചതിന്റെ പാടുകളുള്ളതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനനേന്ദ്രിയത്തിന്റെ ബാഹ്യഭാഗത്തോ വായിലോ പരിക്കുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും ഫോറൻസിക് സ്ഥിരീകരണം വരുന്നതുവരെ ലൈംഗികാതിക്രമം തള്ളിക്കളയാനാകില്ലെന്ന് പരിശോധന ശേഷം ഡോക്ടർമാർ അറിയിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് സ്വാബുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൂത്ര ഗർഭ പരിശോധന ഫലം നെഗറ്റീവാണ്.

സംഭവത്തിൽ ലോ കോളജ് സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജിയെ(55) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ വ്യക്തിയാണ് ഇയാൾ. ശനിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നാരോപിച്ചാണ് ഇയാളെ പ്രതിചേർത്തത്. ലോ കോളജിലെ മുൻ വിദ്യാർഥിയായ മനോജ് മിശ്ര(31), നിയമ വിദ്യാർഥികളായ സായിബ് അഹ്മദ്(19), ​പ്രമിത് മുഖോപാധ്യായ്(20) എന്നിവരാണ് ആദ്യ മൂന്ന് പ്രതികൾ. മുഖ്യപ്രതിയായ മനോജ് മിശ്ര അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഇയാൾ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു.

ജൂൺ 15ന് തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയുടെ യോഗം കഴിഞ്ഞ ശേഷം കോളജിന് പുറത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു അതിജീവിത. എന്നാൽ കുറച്ചു സമയം കൂടി കഴിഞ്ഞ് പോകാമെന്ന് പറഞ്ഞ് മുഖ്യപ്രതി തടഞ്ഞുനിർത്തി. അതിനു ശേഷം സെക്യൂരിറ്റി ഗാർഡിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒപ്പമുണ്ടായിരുന്ന രണ്ടുപേരോട് വാതിലടക്കാൻ മുഖ്യപ്രതി ആവശ്യപ്പെട്ടു.

ഇവരുടെ​ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പെൺകുട്ടി വിട്ടയക്കാൻ ആവശ്യപ്പെട്ടു. കരഞ്ഞുപറഞ്ഞിട്ടും കേൾക്കാൻ അവർ തയാറായില്ല. താനൊരാളുമായി പ്രണയത്തിലാണെന്നും അവരുടെ ഉദ്ദേശ്യം നടക്കില്ലെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ മുഖ്യപ്രതി പെൺകുട്ടിയെ മർദിച്ചു. അതിനു ശേഷം ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനിടെ ഹോക്കിസ്റ്റിക്ക് കൊണ്ട് പെൺകുട്ടിയുടെ തലക്കടിച്ചു. ആ സമയത്ത് മറ്റുള്ളവർ അത് നോക്കി നിന്നു. മുഖ്യപ്രതിക്കു ശേഷം മറ്റുള്ളവരും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിന്റെ ദൃശ്യങ്ങളും പകർത്തിയാതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Kolkata rape case: Medical examination of girl completed, scars on neck and chest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.