കൊൽക്കത്ത കൂട്ട ബലാത്സംഗക്കേസ്; പ്രതിയുടെ ഫോണിൽ നിന്നും വിഡിയോ കണ്ടെടുത്തു, നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിലെ കൂട്ടബലാത്സംഗക്കേസിൽ നിർണായക തെളിവായ വിഡിയോകൾ കണ്ടെടുത്തതായി പൊലീസ്. ഒന്നാം പ്രതിയും അഭിഭാഷകനുമായ മനോജ് മിശ്രയുടെ ഫോണിൽ നിന്നുമാണ് വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇത് കേസിന്റെ നിർണായക തെളിവാണെന്നന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കൊൽക്കത്ത സർക്കാർ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അഞ്ചാംഗ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമം പ്രതി ഫോണിൽ പകർത്തിയിരുന്നുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പ്രതി ഈ ദൃശ്യങ്ങൾ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരയുടെ വൈദ്യ പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. റിപ്പോർട്ട് പ്രകാരം കഴുത്തിലും നെഞ്ചിലുമായി ആക്രമണം നടന്നതിന്റെ പാടുകൾ ഉണ്ട്.

സംഭവത്തിൽ ഇതുവരെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോ കോളജിലെ മുൻ വിദ്യാർഥിയായ മനോജ് മിശ്ര(31), നിയമ വിദ്യാർഥികളായ സായിബ് അഹ്മദ്(19), ​പ്രമിത് മുഖോപാധ്യായ്(20), കോളജ് സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജിയെ(55) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് കേസന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ജൂൺ 15നാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. 

Tags:    
News Summary - Kolkata gang rape case; Video recovered from accused's phone, police say crucial evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.