ഡൽഹി അഞ്ജൻ ദാസ് കൊലക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത ഭാര്യ പൂനവും അവരുടെ ആദ്യ വിവാഹത്തിലെ മകൻ ദീപക്കും
ന്യൂഡൽഹി: ഡൽഹിയിൽ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ കൂടി ചുരുളഴിഞ്ഞു. 45കാരനെ കൊലപ്പെടുത്തി മൃതദേഹം 10 കഷണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച ഭാര്യയെയും മകനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജൻ ദാസാണ് കൊല്ലപ്പെട്ടത്. ഭാര്യ പൂനവും ഇവരുടെ ആദ്യ വിവാഹത്തിലുള്ള മകൻ ദീപക്കുമാണ് പിടിയിലായത്.
ഡൽഹി പാണ്ഡവ് നഗറിൽ കഴിഞ്ഞ മേയ് 30നാണ് അഞ്ജൻ ദാസ് കൊല്ലപ്പെട്ടത്. ജൂൺ അഞ്ചിനാണ് രാംലീല മൈതാനിയിൽനിന്ന് മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് കാൽ, തലയോട്ടി, തുടയടക്കം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി. അഞ്ജൻ ദാസിന് ബിഹാറിൽ ഭാര്യയും എട്ട് മക്കളുമുണ്ട്. ഇക്കാര്യം മറച്ചുവെച്ചായിരുന്നു പൂനത്തിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. അഞ്ജൻ ദാസ്, പൂനത്തിന്റെ ആഭരണങ്ങൾ വിറ്റ് പണം ബിഹാറിൽ താമസിക്കുന്ന ഭാര്യക്കയച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് 2017ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്.
ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ പൊലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് വീടുവീടാന്തരം കയറി പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം അഞ്ജന്റേതാണെന്ന് വ്യക്തമായി. അഞ്ജനെ മാസങ്ങൾക്കുമുമ്പ് കാണാതായിട്ടും കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് ദീപക്കിനെയും പൂനത്തെയും ചോദ്യം ചെയ്യുകയും ഇവര്‍ കൊലക്കുറ്റം സമ്മതിക്കുകയുമായിരുന്നു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് കുറ്റകൃത്യം നടത്തിയതെന്നുമാണ് പൂനത്തിന്റെ മൊഴി. ഈയിടെ 26കാരി ശ്രദ്ധ വാൽക്കറെ കൂടെ താമസിച്ച അഫ്താബ് പൂനവാല ഇതുപോലെ കൊന്ന് 35 കഷണമാക്കി പലയിടത്തായി ഉപേക്ഷിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കുമ്പോഴാണ് പുതിയ കൊല ഡൽഹിയെ നടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.