അ​ജ​റു​ദ്ദീ​ന്‍ അ​ന്‍സാ​രി​

ചുരിദാർ വിൽപനയുടെ മറവിൽ ഒരുലക്ഷം തട്ടിയ ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പിന് ബുക്ക് ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഝാര്‍ഖണ്ഡ് ദിയോഗാര്‍ ജില്ലയിൽ രഘുവാഡിയ വില്ലേജിലെ അജറുദ്ദീന്‍ അന്‍സാരിയെ (28) ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബര്‍ ആദ്യവാരം ശ്രീകണ്ഠപുരം കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രചനയില്‍നിന്നാണ് പണം തട്ടിയെടുത്തത്. 299 രൂപക്ക് ചുരിദാര്‍ ടോപ് ലഭിക്കുമെന്ന ഫേസ്ബുക്ക് പരസ്യംകണ്ട് ഓണ്‍ലൈനിലൂടെ പണമടച്ചെങ്കിലും ചുരിദാര്‍ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ വിലാസം പരിശോധിക്കുന്നതിന് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കാന്‍ പറഞ്ഞു. സന്ദേശമയച്ചതോടെ രചനയുടെ ശ്രീകണ്ഠപുരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്ന് ആറുതവണയായി പണം നഷ്ടപ്പെടുകയായിരുന്നു. രചനയുടെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍, സി.ഐ ഇ.പി. സുരേശന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

പൊലീസ് സംഘം 45 രാപ്പകൽ വിശ്രമിക്കാതെ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. 150ഓളം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തട്ടിപ്പ് സംഘം ഒരിക്കല്‍ ഉപയോഗിച്ച നമ്പര്‍ പിന്നീട് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, അജറുദ്ദീന്‍ അന്‍സാരി തട്ടിപ്പിന് ഉപയോഗിച്ച നമ്പറില്‍നിന്ന് ഒരുതവണ പിതാവിനെ വിളിച്ചിരുന്നു. അതിനെ പിന്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഝാര്‍ഖണ്ഡിലെ ബൊക്കാറോ റൂറല്‍ എസ്.പിയും തലശ്ശേരി സ്വദേശിനിയുമായ രേഷ്മ, ശ്രീകണ്ഠപുരത്തുനിന്നെത്തിയ അന്വേഷണസംഘത്തിന് എല്ലാ സഹായവും നല്‍കിയിരുന്നു. ഇത് പ്രതിയെ പിടികൂടാന്‍ സഹായകരമായി. ശ്രീകണ്ഠപുരത്തെത്തിച്ച അജറുദ്ദീന്‍ അന്‍സാരിയെ വിശദമായി ചോദ്യംചെയ്തു.സമാന തട്ടിപ്പ് പലതവണ നടത്തിയ അജറുദ്ദീൻ 40 ലക്ഷം രൂപയോളം അടുത്തിടെ സമ്പാദിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. 14 ലക്ഷത്തിന്റെ വാഹനവും ആഡംബര വീടും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഒരുതവണ പിടിയിലായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Jharkhand resident arrested for fraudulent sale of churidar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.