റഫീക്ക്
കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ വടിവാൾ വീശി അഴിഞ്ഞാടി പൊലീസിനെയും പൊതുജനങ്ങളെയും മണിക്കൂറുകളോളം മുള്‍മുനയിൽ നിർത്തിയ ഗുണ്ട സംഘത്തില്‍പെട്ട ഒരാളെക്കൂടി കസബ പൊലീസ് പിടികൂടി. നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതിയായ മലപ്പുറം താനൂർ റഫീക്ക് (36) എന്ന ശിഹാബിനെയാണ് അറസ്റ്റ് ചെയ്തത്. നഗരത്തിൽ ഒരേസമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുകയാണ് ഇയാളുടെ രീതി.
കഴിഞ്ഞ 25ന് രാത്രി ആനിഹാൾ റോഡിലൂടെ നടന്നുപോകുന്ന ആളുടെ മൊബൈൽ ഫോണും പണമടങ്ങിയ പേഴ്സും കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിക്കുകയും തുടർന്ന് കോട്ടപറമ്പ് പാർക്ക് റെസിഡൻസി ബാറിൽനിന്ന് ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ടുപവൻ തൂക്കംവരുന്ന സ്വർണമാലയും പണവുമടങ്ങിയ പഴ്സും കൂട്ടംചേർന്ന് കത്തിവീശി അക്രമിച്ച് പിടിച്ചുപറിക്കുകയും ചെയ്തതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം സമാന രീതിയിൽ പഴ്സ് പിടിച്ചുപറിക്കുന്നതായറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനം വടിവാൾകൊണ്ട് വെട്ടുകയും തുടർന്ന് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് താമസക്കാരന്റെ തലക്ക് കല്ലുകൊണ്ട് അടിച്ച് പണം കവരുകയും ചെയ്ത സംഘത്തിൽപെട്ട പ്രതിക്കെതിരെ കോഴിക്കോട് സിറ്റികളിലെ വിവിധ സ്റ്റേഷനുകളിലായി ആറോളം മോഷണക്കേസുകളും മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലായി 14ഓളം പിടിച്ചുപറി മോഷണക്കേസുകളുമുണ്ട്. നേരത്തേ ഈ കേസിലെ അഞ്ച് പ്രതികൾ പിടിയിലായിരുന്നു.
സിറ്റി ജില്ല പൊലീസ് മേധാവി രാജ്പാല് മീണ, ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു എന്നിവരുടെ നിർദേശത്തിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജ്, കസബ ഇൻസ്പെക്ടർ കെ. വിനോദൻ, എസ്.ഐമാരായ ജഗമോഹൻ ദത്തൻ, എം.കെ. റസാഖ്, എ.എസ്.ഐ മനോജ്, സീനിയർ എസ്.സി.പി.ഒ സുധർമൻ, ശ്രീജേഷ് വെള്ളനൂർ, എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.