ലഖ്നോ: ഉത്തർപ്രദേശിൽ കമിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കൾ വെടിവെച്ചുകൊന്നതായി പരാതി. വെള്ളിയാഴ്ച പെൺകുട്ടിയുടെ വീട്ടിലാണ് സംഭവം. യു.പി ഷാജഹാൻപുരിലെ നൗഗവൻ നിരോത്തം പ്രദേശത്ത് വെള്ളിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.
വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആശിഷ് കുമാറെന്ന യുവാവിന്‍റെ മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി പ്രദേശത്തെ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എവിടേക്കാണ് പോകുന്നതെന്ന് പറയാതെ വീടുവിട്ടിറങ്ങിയതായിരുന്നു ആശിഷ്. വൈകിട്ട് അഞ്ചോടെ ആശിഷിന്‍റെ രക്തത്തിൽ കുളിച്ച മൃതദേഹം ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തി.
ആശിഷിന്‍റെ നെഞ്ചിനാണ് വെടിയേറ്റിരുന്നത്. യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അയൽവാസിയായ ഒരു പെൺകുട്ടിയും വെടിയേറ്റ് മരിച്ചതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ വീട്ടിൽനിന്നുതന്നെ നെഞ്ചിന് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി.
മകനെയും കാമുകിയെയും പെൺകുട്ടിയുടെ പിതാവ് കൃഷ്ണപാലാണ് കൊലപ്പെടുത്തിയതെന്ന് ആശിഷിന്‍റെ പിതാവ് സുഖ്പാൽ ആരോപിച്ചു. സുഖ്പാലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശിഷും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആശിഷ് വിവാഹിതനും കുട്ടികളുടെ പിതാവുമാണ്. വെള്ളിയാഴ്ച ആശിഷ് രഹസ്യമായി പെൺകുട്ടിയെ കാണാൻ ചെന്നത് വീട്ടുകാർ പിടികൂടുകയും ഇരുവരെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. പൊലീസ് നായും ഫോറൻസിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.