മനുഷ്യക്കടത്ത്: 13 പേർകൂടി പിടിയിൽ

കൊല്ലം: ജില്ല വഴി വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച സംഭവത്തിൽ വീണ്ടും വ്യാപക അറസ്റ്റ്. ചൊവ്വാഴ്ച 13 ശ്രീലങ്കൻ വംശജർകൂടി പിടിയിലായി. നാല് സ്ത്രീകളും ഒരു കുട്ടിയും ആറ് പുരുഷന്മാരുമടങ്ങുന്ന സംഘത്തെ രാവിലെ കൊല്ലം വാടിയിൽനിന്ന് പള്ളിത്തോട്ടം പൊലീസും രണ്ട് പുരുഷന്മാരെ തിരുവനന്തപുരം മംഗലപുരത്തുനിന്നുമാണ് പിടികൂടിയത്. കൊല്ലം തീരത്തുനിന്ന് ബോട്ട് വഴി കാനഡ, ആസ്ത്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് കടക്കാനായിരുന്നു ശ്രമം. തിങ്കളാഴ്ച 11 പേർ പിടിയിലായതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. ഇതോടെ ആകെ പിടിയിലായവർ 24 ആയി. തിങ്കളാഴ്ച പിടിയിലായവര്‍ക്കെതിരെ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തു.

ചെന്നൈയിൽ നാല് വർഷമായി താമസിക്കുന്ന കുടുംബമാണ് ചൊവ്വാഴ്ച പിടിയിലായ സംഘത്തിലുള്ളത്. അഞ്ച് വയസ്സുകാരൻ മകന്‍റെ ചികിത്സക്കായാണ് കുടുംബം ചെന്നൈയിലെത്തിയത്. ചെന്നൈ പോരൂരിൽ ദിലക്ഷൻ (29), ഭാര്യ കൗസില്ല (27), ഇവരുടെ അഞ്ച് വയസ്സുകാരൻ മകൻ, ദിലക്ഷനന്‍റെ സഹോദരൻ ജസീന്തൻ (32), ഭാര്യ ശരണ്യ (23), മറ്റൊരു സഹോദരൻ കിതീപൻ (23), ശ്രീലങ്ക ട്രിങ്കോമാലി സ്വദേശി ജയശീലൻ (50), ഭാര്യ സത്യപ്രിയ (44), ഇവരുടെ മക്കളായ സെൺ ജയപ്രിയൻ (17), വോജിക (14), പ്രസാദ്‌ (29) എന്നിവരാണ്‌ പിടിയിലായത്‌.

മറ്റൊരു കുടുംബത്തിലെ നാലുപേരും ചൊവ്വാഴ്ച രാവിലെ പിടിയിലായ സംഘത്തിലുണ്ട്. ഇവർ തഞ്ചാവൂരിൽനിന്ന് തീവണ്ടി മാർഗം എറണാകുളത്തും അവിടെനിന്ന് കൊല്ലത്തും എത്തി രണ്ട് ലോഡ്ജുകളിൽ താമസിച്ചുവരികയായിരുന്നു.

തിങ്കളാഴ്ചയിലെ അറസ്റ്റ് വിവരം അറിഞ്ഞതോടെ ഇവർ ലോഡ്ജ് ഉപേക്ഷിച്ച് പുറത്തിറങ്ങി. തുടർന്നാണ് കുടുംബങ്ങൾ വാടി കടപ്പുറത്തുനിന്ന് പിടിയിലായത്. ഹാർബറിന് സമീപം രാവിലെ എട്ടിന് കണ്ട സംഘത്തെ സംശയം തോന്നി ചോദ്യംചെയ്തപ്പോൾ ആദ്യം ടൂറിസ്റ്റുകളെന്നാണ് പറഞ്ഞത്. വിശദ ചോദ്യംചെയ്യലിലാണ് ഇവരും കടൽ കടക്കാൻ തമിഴ്നാട്ടിൽനിന്ന് എത്തിയവരാണെന്ന് വ്യക്തമായത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട രണ്ടുപേരെയാണ് മംഗലപുരത്ത് ബസിൽനിന്ന് പിടികൂടിയത്. ഇവരെ കൊല്ലം സിറ്റി പൊലീസിന് കൈമാറി.

കഴിഞ്ഞമാസം 16ന് തമിഴ്നാട് കാരക്കോടുനിന്ന് ഇവര്‍ ആസ്ത്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഇത് പാളിയതോടെയാണ് സംഘം കൊല്ലം തീരം തെരഞ്ഞെടുത്തത്. വാട്സ്ആപ് കോൾ വഴി മാത്രം ബന്ധപ്പെട്ട കൊളംബോയിലെ ഏജന്റ് ലക്ഷ്മണ ഒരാളിൽനിന്ന് രണ്ടര ലക്ഷം രൂപ വീതമാണ് വാങ്ങിയത്. 45 ദിവസം കൊണ്ട് ആസ്ട്രേലിയയിൽ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. മനുഷ്യക്കടത്ത് സംഘത്തിന് കൊല്ലത്ത് സഹായം ചെയ്തയാളുകളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.

ചെന്നൈയിൽ സന്ദർശക വിസയിലെത്തിയ രണ്ട് ശ്രീലങ്കൻ സ്വദേശികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്ത് വെളിച്ചത്തുകൊണ്ടുവന്നത്.

തമിഴ്നാട്ടിൽ അഭയാർഥി ക്യാമ്പുകളിൽ കഴിഞ്ഞുവന്ന ലങ്കക്കാരും പിടിയിലായവരിലുണ്ട്. ബോട്ടുവഴി കടക്കാൻ കൂടുതൽ പേർ ജില്ലയിൽ എത്തിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. അറസ്റ്റ് വിവരം അറിഞ്ഞ് പലരും തിരികെ പോകാനും സാധ്യതയുണ്ട്. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹകരണം ലഭിക്കുന്നുണ്ടെന്ന് മെറിൻ ജോസഫ് പറഞ്ഞു.

Tags:    
News Summary - Human trafficking: 13 more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.