മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതി സ്നാനഘട്ടത്തിന് സമീപം ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽനിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ബംഗ്ലഗുഡ്ഡയിലെ 12 ഏക്കർ വനമേഖലയിൽ നിരവധി അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെന്ന വിട്ടൽ ഗൗഡയുടെ അവകാശവാദത്തെ തുടർന്നാണ് എസ്.ഐ.ടി തിരച്ചിൽ പുനരാരംഭിച്ചത്. 13 വർഷം മുമ്പ് ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതൃസഹോദരനാണ് വിട്ടൽ ഗൗഡ.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി കർണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ജൂലൈ 19ന് സംസ്ഥാന സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി, ചിന്നയ്യ അടയാളപ്പെടുത്തിയ 17 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും മനുഷ്യ ജഡാവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല. പിന്നാലെ അയാൾ മൊഴിമാറ്റി.
ധർമസ്ഥലയിൽനിന്ന് കുഴിച്ചെടുത്തത് എന്നവകാശപ്പെട്ട് ചിന്നയ്യ ഹാജരാക്കിയ തലയോട്ടി വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽനിന്ന് സംഘടിപ്പിച്ചതാണെന്നും അതിന് 40 വർഷം പഴക്കമുണ്ടെന്നുമുള്ള നിഗമനത്തിൽ എത്തിയതോടെ കേസ് അന്വേഷണം വഴിതിരിഞ്ഞു. എന്നാൽ, ചിന്നയ്യക്ക് തലയോട്ടി താൻ ധർമസ്ഥലയിൽനിന്ന് കുഴിച്ചെടുത്ത് നൽകിയതാണെന്ന വെളിപ്പെടുത്തലോടെ വിട്ടൽ ഗൗഡ രംഗത്തുവരുകയായിരുന്നു. ഈ മാസം രണ്ടു ദിവസങ്ങളിലായി എസ്.ഐ.ടി, ഗൗഡയെ ബംഗ്ലഗുഡ്ഡയിൽ ഒപ്പം കൊണ്ടുപോയി മഹസർ തയാറാക്കി. ഇതിന്റെ വിവരങ്ങളും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടുവെന്ന വെളിപ്പെടുത്തലുമായി ഗൗഡ വിഡിയോ പുറത്തിറക്കി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എസ്.ഐ.ടി ഖനനം പുനരാരംഭിച്ചത്.
ചിന്നയ്യ നേരത്തെ ചൂണ്ടിക്കാട്ടിയ 11ാം സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് ബുധനാഴ്ച അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി എസ്.ഐ.ടി അസ്ഥികൂടങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൗജന്യയുടെ അമ്മാവൻ വിട്ടൽ ഗൗഡ പരാമർശിച്ച അതേ സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എസ്.ഐ.ടി ഉദ്യോഗസ്ഥർ, ബെൽത്തങ്ങാടി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് വിദഗ്ധർ, ക്രൈം സീൻ ഓഫിസർമാർ (സോക്കോ), റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നേത്രാവതി കുളിക്കടവിന് സമീപമുള്ള വനത്തിൽ തിരച്ചിൽ നടത്തിയത്. എസ്.ഐ.ടി എസ്.പിമാരായ ജിതേന്ദ്ര കുമാർ ദയാമ, സി.എ സൈമൺ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.