ഭാരിച്ച കടം, ആഡംബര ജീവിതം; കൊൽക്കത്തയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്

കൊൽക്കത്ത: ഫെബ്രുവരി 19നാണ് കൊൽക്കത്തയിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച വാർത്ത പുറത്തുവന്നത്. ആത്മഹത്യയാകുമെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ഇവരുടെ മരണം കൊലപാതകമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്നാണ് കൊൽക്കത്ത പൊലീസ് ​അന്വേഷണം ഊർജിതമാക്കിയത്. 

ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചനിലയില്‍ കാണപ്പെടുകയും അതേ കുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍ പെടുകയും ചെയ്ത കേസ് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. അന്വേഷണം ഇവരുടെ ഭർത്താക്കൻമാരിലേക്ക നീണ്ടതോടെ കേസിന് തുമ്പുണ്ടാക്കാൻ സാധിച്ചു.

സഹോദരൻമാരായ പ്രസൂൺ ദെയും പ്രണയ്ദെയുമാണ് ഭാര്യമാരെയും മകളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടന്നില്ല. ഇരുവരും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതോടെ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  സഹോദരൻമാരിൽ ഒരാളുടെ മകനുമുണ്ടായിരുന്നു കാറിൽ. 

മരിച്ച രണ്ട് സ്ത്രീകളുടെ ഭർത്താക്കൻമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ തന്നെ സത്യം പുറത്തുവന്നു. ഭീമമായ കടബാധ്യതയാണ് കുടുംബത്തിനുണ്ടായത്.  എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബം ആഡംബര പൂർണമായ ജീവിതമാണ് നയിച്ചത്.

കൊൽക്കത്ത പൊലീസാണ് കൊൽക്കത്തയിലെ പ്രാന്തപ്രദേശത്തുള്ള താങ്റയിലെ വീട്ടിൽ നിന്ന് രണ്ട് സ്ത്രീകളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹം പുറത്തെടുത്തത്.  

തുകൽ ബിസിനസായിരുന്നു കുടുംബത്തിന്. വലിയ കടബാധ്യതയുമുണ്ടായിരുന്നു. തുടർന്നാണ് ജീവിതം അവസാനിപ്പിക്കാൻ ഇരുവരും പദ്ധതിയിട്ടത്. വലിയ കടബാധ്യതയുണ്ടായിരുന്നിട്ടും ഇവരുടെ ആഡംബര ജീവിതത്തിന് കുറവൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ട റോമി പ്രസൂൺ ദെയുടെ ഭാര്യയാണ്. ഇവരുടെ മകൾ 14 വയസുള്ള പ്രിയംവദയും മരിച്ചു. സുദേഷ്ണയാണ് പ്രണയ് ദെയുടെ ഭാര്യ. കൊലപാതകം നടന്ന ദിവസം ഇവരുടെ താമസസ്ഥലത്തെ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.

 

Tags:    
News Summary - Huge Debt, Lavish Lifestyle: What Kolkata Police Found On Triple Murders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.