സൂക്ഷിക്കുക, പുതിയ മോഡൽ ഓൺലൈൻ തട്ടിപ്പുമായി മോഷ്ടാക്കൾ; ഒ.ടി.പി പോലും ആവശ്യമില്ലാത്ത 'സിം സ്വാപ്പിങ്' കവർച്ച വ്യാപകമെന്ന് പൊലീസ്

ന്യൂഡല്‍ഹി: പുതിയ മോഡൽ ഓൺലൈൻ തട്ടിപ്പുമായി മോഷ്ടാക്കൾ രംഗത്ത്. സിം സ്വാപ്പിങ് എന്ന രീതിവഴി നടത്തുന്ന കവർച്ചക്ക് ഒ.ടി.പി പോലും ആവവശ്യമില്ലെന്ന് പൊലീസ്. ഈ രീതിയിൽ നടന്ന തട്ടിപ്പിൽ ഡല്‍ഹി വ്യവസായിക്ക് 50 ലക്ഷം രൂപ നഷ്ടമായി.

തെക്കന്‍-ഡല്‍ഹി സ്വദേശിയായ ബിസിനസുകാരനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില അജ്ഞാത നമ്പറുകളില്‍ നിന്ന് ഇദ്ദേഹത്തിന് സ്ഥിരമായി മിസ്ഡ് കോളുകള്‍ വരാറുണ്ടായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ചില മെസ്സേജുകളും ഇതോടൊപ്പം വന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടർന്നാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആർ.ടി.ജി.എസ് ഇടപാടിലൂടെ ഏകദേശം 50 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു.

തുടര്‍ന്ന് ഡല്‍ഹി പൊലീസിലെ ഐ.എഫ്.എസ്.ഒ വിഭാഗത്തിന് പരാതി നല്‍കി. ഫോണില്‍ സ്ഥിരമായി ചില അജ്ഞാത നമ്പറുകളില്‍ നിന്ന് മിസ്ഡ് കോളുകള്‍ വരുമായിരുന്നു എന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഫോണില്‍ ഒ.ടി.പി വന്നിട്ടില്ലെന്നും അത് ആവശ്യപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്നും ഇദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഇക്കാര്യം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ട് ആരും പരാതിക്കാരനെ വിളിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സിം സ്വാപിങ് എന്ന സാങ്കേതിക വിദ്യയാകാം തട്ടിപ്പ് സംഘം ഇതിനായി ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സിം സ്വാപിങ്

നമ്മുടെ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെയാണ് സിം സ്വാപിങ് എന്ന് പറയുന്നത്. നാം അറിയാതെ നമ്മുടെ നമ്പറുപയോഗിച്ച് പുതിയൊരു സിം ഈ തട്ടിപ്പ് സംഘം നിര്‍മ്മിച്ചെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ആധാര്‍, അക്കൗണ്ട് പിന്‍ നമ്പര്‍ തുടങ്ങി നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ സംഘം തട്ടിയെടുക്കുന്നു.

പതിവില്ലാതെ ഫോണ്‍ നമ്പറിലേക്ക് വ്യത്യസ്തമായ മെസേജുകളും, കോളുകളും വരുന്നുണ്ടെങ്കില്‍ അത് സിം സ്വാപിങിന്റെ പ്രധാന ലക്ഷണമാണ്. ഫോണ്‍ ചെയ്യുമ്പോള്‍ കണക്ട് ആകുന്നില്ലെന്ന് സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ പരാതി പറയുന്നുണ്ടെങ്കില്‍ അത് നിസ്സാരമായി തള്ളിക്കളയരുത്. ഇവയെല്ലാം ഒരു സാമ്പത്തിക തട്ടിപ്പിന്റെ ലക്ഷണങ്ങൾ ആയേക്കാം.

ഇനി ഫോണിലേക്ക് ചില ഇ-മെയില്‍ സന്ദേശങ്ങൾ വരുന്നതാണ്. ചിലപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തോന്നുന്ന സാഹചര്യവുമുണ്ടാകും. ഇവയൊക്കെയാണ് സിം സ്വാപിങ് നടന്നു എന്നതിന്റെ പ്രധാന സൂചനകള്‍. ഇങ്ങനെയുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ നിയമസഹായം തേടേണ്ടതാണ്.

തട്ടിപ്പ് നടന്നുവെന്ന് മനസ്സിലായാല്‍ ആദ്യമായി ചെയ്യേണ്ടത് സിം കട്ട് ചെയ്യുക എന്നതാണ്. അതിനുശേഷം ബാങ്കിലെത്തി അകൗണ്ട് പരിശോധിക്കണം. എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കൃത്യമായി നോക്കണം. പിന്നീട് നേരത്തേ ഉപയോഗിച്ചിരുന്ന എല്ലാ പാസ്‌വേഡുകളും മാറ്റി പുതിയത് നല്‍കണം. എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്‌വേഡ് നല്‍കരുത്. ബാങ്ക് അക്കൗണ്ട്, സോഷ്യല്‍ മീഡിയ അക്കൗണ്ട് എന്നിവയ്ക്ക് വെവ്വേറെ പാസ്‌വേഡ് നല്‍കുന്നതാണ് ഉചിതം.

Tags:    
News Summary - Delhi man lost Rs 50 lakh after receiving missed calls? Know about the latest 'SIM Swap' cyber fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.