അയ്യൂബ്, നാസർ
മാനന്തവാടി: ഭവനഭേദനം നടത്തി 29ഓളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മോഷ്ടാവിനും മോഷണ മുതൽ സ്വീകരിച്ചയാൾക്കും തടവും പിഴയും.
മോഷണം നടത്തിയ വെള്ളമുണ്ട അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബി(48)നെയും, മോഷണ മുതൽ സ്വീകരിച്ച കോഴിക്കോട്, പന്നിയങ്കര ബിച്ച മൻസിലിൽ അബ്ദുൽ നാസറി (61)നെയുമാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
ഭവനഭേദനം, മോഷണം, വസ്തുക്കള്‍ തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായി അയ്യൂബിന് വിവിധ വകുപ്പുകളിലായി അഞ്ചു വര്‍ഷവും ആറു മാസവും തടവിനും 50000 രൂപ പിഴ അടക്കാനും, നാസറിന് 2 വര്‍ഷവും 6 മാസവും തടവിനും 25,000 രൂപ പിഴ അടക്കാനുമാണ് ഉത്തരവ്.
2018 ഏപ്രിൽ 23ന് ചുണ്ടമുക്ക് രണ്ടേ നാലിലാണ് സംഭവം. കുഞ്ഞബ്ദുള്ളയുടെ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയാണ് അയ്യൂബ് മോഷണം നടത്തിയത്. 29ഓളം പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവരുകയും നാസറിന് മോഷണ മുതൽ വിൽക്കുകയുമായിരുന്നു.
സംഭവശേഷം മുങ്ങിയ പ്രതിയെ 4 വർഷത്തിനു ശേഷം 2022ൽ അന്നത്തെ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന എം.എം അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ എറണാകുളത്തു വച്ചു പിടികൂടുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
ജില്ലക്കകത്തും പുറത്തുമായി അയ്യൂബ് നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മരട്, പടിഞ്ഞാറത്തറ, പനമരം, വെള്ളമുണ്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.