റേസിങ് നടത്തുന്നതിനിടെ ബൈക്കിടിച്ച് യുവാവിന്‍റെ കാലൊടിഞ്ഞു

തിരുവനന്തപുരം: ബൈക്ക് റേസിങ് നടത്തുന്നതിനിടെ നടുറോഡിൽ യുവാവിന് നേരെ ആക്രമണം. നെയ്യാർ ഡാമിൽ ഞാ‍യറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ (22) ആണ് മർദനമേറ്റത്. രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കിടിച്ച് ഉണ്ണികൃഷ്ണന്‍റെ കാലൊടിഞ്ഞു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Full View

ഡാമിനോട് ചേർന്നുള്ള പൊതു റോഡിൽ യുവാക്കളുടെ ഏഴംഗ സംഘമാണ് ബൈക്ക് റേസിങ് അടക്കമുള്ള അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. നിരവധി വാഹനങ്ങൾ കടന്നു പോവുകയും നാട്ടുകാർ കാൽനടയായി സഞ്ചരിക്കുകയും ചെയ്യുന്ന റോഡാണിത്. റേസിങ് നടത്തിയ യുവാവ് ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോൾ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ബൈക്ക് റേസിങ് ആണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് രണ്ടംഗ സംഘം യുവാവിനെ മർദിക്കുകയായിരുന്നു.

മർദന വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വട്ടിയൂർക്കാവ് പൊലീസിൽ ഉണ്ണികൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. അമിതവേഗതയിൽ വന്ന അക്രമിസംഘം ബൈക്ക് കൊണ്ട് ഇടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടിയുടെ ആഘാതത്തിലാണ് വലതുകാൽ ഒടിഞ്ഞത്. തുടർന്ന് രണ്ടംഗസംഘം മർദിക്കുകയായിരുന്നു. കാലൊടിഞ്ഞെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം മർദനത്തിൽ നിന്ന് പിന്മാറിയില്ലെന്നും പരാതിയിൽ പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. ബൈക്ക് റൈസിങ് നടത്തിയിട്ടുണ്ടെങ്കിൽ ആ വിവരം പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആക്രമിക്കുകയല്ലെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Hit the bike and broke the young man's leg, and was brutally beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.