ഫോർട്ട്കൊച്ചി : പകുതി വില തട്ടിപ്പിൽ ഫോർട്ട്കൊച്ചിയിലും നിരവധി പേർ തട്ടിപ്പിനിരയായി. ഫോർട്ട്കൊച്ചി അമരാവതി കളത്തറ വീട്ടിൽ അനൂപ് ഫ്രാൻസിസ് നൽകിയ പരാതിയിൽ അനന്ത കുമാർ, അനന്തുകൃഷ്ണ എന്നിവരെ പ്രതി ചേർത്ത് ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു.
അനൂപ് ഫ്രാൻസിസ് ചെയർമാനായ കൊച്ചി നേച്ചർ കൺസർവേഷൻ സൊസൈറ്റി, കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ആന്റ് ടൂറിസം സൊസൈറ്റി എന്നീ സംഘടനകളിലെ 91 പേരിൽ നിന്നായി 53 ലക്ഷം രൂപ അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് പരാതി. 2024 മാർച്ച് 26 മുതൽ ഏപ്രിൽ എട്ട് വരെ പല തവണകളായി അനന്തുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പ്രൊഫഷനൽ സർവിസസ് ഇന്നവേഷൻസ് എൽ.എൽ.പി എന്ന കമ്പനിയുടെ എച്ച്.ഡി.എഫ്.സി ഇയ്യാട്ട് മുക്ക് ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചുനൽകിയെന്നാണ് പരാതി. അനന്തകുമാറിന്റെ നിർദേശ പ്രകാരമാണ് പണം അയച്ചതെന്നും പരാതിയിൽ പറയുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂട്ടർ, ലാപ് ടോപ്പ്, തയ്യൽ മെഷീൻ എന്നിവ നൽകുന്നതിനാണ് ഇവർ പണം ശേഖരിച്ചത്. എന്നാൽ ഇത് നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. ഫോർട്ട്കൊച്ചിയിൽ തന്നെ മറ്റ് പലരും തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പരാതി നൽകാൻ തയ്യാറായിട്ടില്ല. പലരോടും അടച്ച പണം തിരികെ നൽകാമെന്ന ഉറപ്പ് നൽകിയാണ് പരാതിയിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് പറയുന്നത്. എന്നാൽ ഉറപ്പ് നൽകിയ സമയത്തിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പലരും. കണ്ണമാലി പൊലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ: പകുതിവിലത്തട്ടിപ്പ് സംഭവത്തിൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ പൊലീസ് സ്റ്റേഷനുകളിലും പരാതി. തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ തട്ടിപ്പിനിരയായ മൂന്നുപേർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉദയംപേരൂരിൽ തട്ടിപ്പിനിരയായ രണ്ടുപേരാണ് പരാതി നൽകിയിട്ടുള്ളത്. അനന്തു കൃഷ്ണനെതിരെ സീഡ് സൊസൈറ്റി അംഗങ്ങളായ 41 പേർ ചേർന്ന് ഒരു പരാതിയും ഉദയംപേരൂർ പൊലീസിൽ നൽകിയിട്ടുണ്ട്.
കൊച്ചി : പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ സംഭാവന അന്വേഷിക്കേണ്ടന്ന സർക്കാർ നിർദ്ദേശം ക്രൈംബ്രാഞ്ച് അന്വേഷണത്തെ തന്നെ അട്ടിമറിക്കാനുള്ള ഗൂഢ നീക്കമാണന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
അന്വേഷണത്തിന് തടയിട്ട് കേസ് ഒതുക്കി തീർത്ത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള നീക്കം പ്രതിഷേധാർഹമാണ്. മുഖ്യപ്രതിയുമായുള്ള രാഷ്ട്രീയ നേതാക്കളുടെ ശബ്ദ സന്ദേശങ്ങളും രേഖകളും പുറത്ത് വിടണമെന്നും നാഷനലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.