രണ്ടര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവും മുത്തശ്ശിയും ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ്: രണ്ടര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് മാതാവിന്‍റേയും മുത്തശ്ശിയുടേയും ആത്മഹത്യക്ക് ശ്രമിച്ചു. മുത്തശ്ശി മരിച്ചെങ്കിലും മകൾ ആത്മഹത്യാ ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച തെലങ്കാനയിലെ ബാച്ചുപള്ളിയിലാണ് സംഭവം.

ലളിത (55) കൊച്ചു മകൻ കാർത്തിക് (2.5) എന്നിവരാണ് മരിച്ചത്. ലളിതയുടെ മകൾ ദിവ്യ (36) ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച പുലർച്ചെ 12മണിക്കും 2നും ഇടയിലാണ് ലളിത രണ്ടര വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ദിവ്യയും അമ്മ ലളിതയും സീലിങ്ങിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ലളിതയുടെ മകൻ ശ്രീകർ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ശ്രീകർ അമ്മയെയും സഹോദരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൊട്ടടുത്ത് മരിച്ചു നിലത്ത് കിടക്കുന്ന നിലയിലാണ് ശ്രീകർ കുട്ടിയെ കണ്ടത്. സഹോദരിക്ക് അനക്കമുണ്ടെന്ന് മനസിലാക്കിയ ശ്രീകർ അവരുടെ കഴുത്തിലെ കുരുക്കഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മരണകാരണം വ്യക്തമല്ലെന്നും വിവാഹമോചിതയായ ലളിത മകനോടൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഭർതൃവീട്ടിൽ കഴിയുകയായിരുന്ന ദിവ്യ പലപ്പോഴും അമ്മയുടെ അടുത്ത് വന്ന് താമസിക്കാറുണ്ടായിരുന്നു.

ലളിതയുമായി പിരിഞ്ഞതിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച പിതാവുമായി ശ്രീകർ ഇപ്പോഴും ബന്ധം പുലർത്തുന്നത് ലളിതയെ അസ്വസ്ഥയാക്കിയിരുന്നു. ശ്രീകർ ഇപ്പോഴും അവിവാഹിതനായതിൽ ലളിതക്ക് അതൃപ്തിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.

Tags:    
News Summary - Grandmother strangles 18-month-old boy to death, commits suicide along with daughter in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.