പട്ന: വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ വിവിധ പാര്‍ക്കുകളിലാണ് സംഘം വടിയുമായെത്തിയത്. പൊതുസ്ഥലങ്ങളില്‍ ഇത്തരം അശ്ലീലതഅനുവദിക്കില്ലെന്നും വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും പറഞ്ഞാണ് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍ കമിതാക്കളെ ഓടിച്ചത്.
വീട്ടില്‍പോയി പുല്‍വാമയിലെ ഹീറോകളെ ഓര്‍ക്കൂവെന്നും വാലന്റൈന്‍സ് ദിനം പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണെന്നും അത് ഇവിടെ അനുവദിക്കില്ലെന്നും സംഘത്തിലുള്ളവര്‍ പറയുന്നുണ്ട്. തങ്ങള്‍ സ്‌നേഹത്തിന് എതിരല്ലെന്നും സ്‌നേഹത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ അശ്ലീലത കാണിക്കുന്നതിനാണ് എതിരെന്നും ഇവര്‍ പറയുന്നുണ്ട്.
ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലും സമാന സംഭവമുണ്ടായി. ബജ്‌റംഗ്ദളിന്റേയും ഭാരതീയ സൂഫി ഫൗണ്ടേഷന്റേയും പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ദിനം ആചരിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണെന്നും അതിന് ഇന്ത്യയില്‍ ഒരു സ്ഥാനവും നല്‍കില്ലെന്നും ഇരുസംഘടനയും വ്യക്തമാക്കി.
12 സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ മുഴുവനും ബജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകര്‍ പരിശോധന നടത്തി. തൊട്ടടുത്ത ജില്ലകളിലായി 20 ടീമുകളെയും അവര്‍ വിന്യസിച്ചു. വാലന്റൈന്‍സ് ദിനം കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്ന് ഭാരതീയ സൂഫി ഫൗണ്ടേഷന്‍ അംഗങ്ങളും വ്യക്തമാക്കി.
രാജ്യം പുല്‍വാമ ദിനമായി ആചരിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാർ വീരമൃത്യ വരിച്ചത്. സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനം ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.